പെരുമ്പാവൂർ/പറവൂർ: നവകേരള സദസിനു മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തുന്ന പ്രത്യേക ബസിനു പ്രവേശിക്കാനും പന്തൽ നിർമിക്കാനുമായി സ്കൂൾ മതിലുകൾ പൊളിക്കാൻ സംഘാടകർ നീക്കം തുടങ്ങി. പെരുന്പാവൂരിലെയും പറവൂരിലെയും സർക്കാർ സ്കൂളുകളുടെ മതിലുകൾ പൊളിക്കാനും മരം മുറിക്കാനുമാണ് ശ്രമങ്ങളാരംഭിച്ചത്. രണ്ടിടങ്ങളിലും യുഡിഎഫ് ഭരിക്കുന്ന നഗരസഭകൾ എതിർപ്പുമായി രംഗത്തെത്തി.
പെരുന്പാവൂരിൽ നവകേരള സദസ് നടക്കുന്ന ഗവ. ബോയ്സ് എച്ച്എസ്എസിന്റെ മതിൽ ഭാഗികമായി പൊളിക്കാൻ ആവശ്യപ്പെട്ടു സംഘാടകസമിതി ചെയർമാൻ നഗരസഭയ്ക്കു കത്ത് നൽകി. കൊടിമരവും സ്റ്റേജും നീക്കം ചെയ്യണമെന്നും സംഘാടകസമിതി ചെയർമാനും കേരള കോൺഗ്രസ്-എം നേതാവുമായ ബാബു ജോസഫ് നഗരസഭാ സെക്രട്ടറിക്കു കഴിഞ്ഞ ശനിയാഴ്ച നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മൈതാനത്തേക്ക് വാഹനമിറക്കുന്നതിനായാണ് സ്കൂളിന്റെ മതിൽ പൊളിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. സ്കൂൾ ഗ്രൗണ്ടിന്റെ പടിഞ്ഞാറു ഭാഗത്ത് ടൗൺ റോഡിൽ നിന്നു പരാതിക്കാർക്ക് വരുന്നതിന് മൂന്ന് മീറ്റർ വീതിയിൽ മതിൽ പൊളിച്ച് നീക്കണം.
ഗ്രൗണ്ടിലേക്ക് ബസ് ഇറങ്ങുന്നതിനായി റാമ്പ് മൂന്നര മീറ്ററോളം വീതി കൂട്ടണം. സ്കൂളിന്റെ മുൻ വശത്തെ കൊടിമരം നീക്കം ചെയ്യണമെന്നും സ്കൂളിന്റെ ഗ്രൗണ്ടിനോട് ചേർന്നുള്ള കോൺക്രീറ്റ് സ്റ്റേജ് പൊളിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. പരിപാടിക്കു ശേഷം മതിൽ നിർമിച്ചു നൽകാമെന്നും കത്തിൽ അറിയിച്ചിട്ടുണ്ട്.
അതേസമയം മതിൽ പൊളിക്കാൻ നഗരസഭ കൗൺസിൽ അനുമതി നൽകില്ലെന്ന് പെരുമ്പാവൂർ നഗരസഭ അധ്യക്ഷൻ ബിജു ജോൺ ജേക്കബ് പറഞ്ഞു. പൊതുപണം ഇത്തരത്തിൽ ധൂർത്തടിക്കുന്നത് അംഗീകരിക്കാനാകാത്ത കാര്യമാണെന്നു യുഡിഎഫും പ്രതികരിച്ചു.
പറവൂരിൽ നവകേരള സദസിനു വേദിയൊരുങ്ങുന്ന ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ ഭാഗികമായി പൊളിക്കാനും ഗ്രൗണ്ടിലെ മരം മുറിക്കാനും സംഘാടകസമിതി റവന്യു ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ഇതിനുള്ള നടപടികൾ തഹസിൽദാർ ആരംഭിക്കുകയും ചെയ്തു. ഇതിനിടെ മരം മുറിക്കാനും മതിൽ പൊളിക്കാനുമുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ തഹസിൽദാർക്ക് കത്ത് നൽകി.
പ്രതിപക്ഷനേതാവിന്റെ മണ്ഡലത്തിൽ ഉൾപ്പെട്ട പറവൂർ നഗരസഭയിൽ കൗൺസിലിന്റെ ഭൂരിപക്ഷ തീരുമാനത്തിനു വിരുദ്ധമായി സെക്രട്ടറി നവകേരള സദസിനു പണം കൈമാറിയതു വിവാദമായിരുന്നു.