കൊല്ലം/തിരുവനന്തപുരം: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയശേഷം മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ് ചെയ്ത സ്ത്രീ സൂചിപ്പിച്ച ബോസ് ആരെന്ന അന്വേഷണത്തിലാണ് പോലീസ്.
ഇന്നലെ വൈകിട്ട് അബിഗേലും സഹോദരനും വീടിനടുത്തുള്ള ട്യൂഷൻ ക്ലാസിലേക്ക് പോകുന്പോഴാണ് കാറിലെത്തിയ സംഘം അബിഗേലിനെ തട്ടിക്കൊണ്ടുപോയത്. സഹോദരനേയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും കുട്ടി കുതറിയോടിയതിനാൽ രക്ഷപ്പെട്ടു.
സംഭവത്തിനുശേഷം ഇന്നലെ രാത്രിയോടെ ഒരു സ്ത്രീയാണ് കുട്ടിയുടെ ബന്ധുക്കളെ രണ്ടുതവണ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്. ആദ്യം അഞ്ചുലക്ഷം ആവശ്യപ്പെട്ടെങ്കിലും പിന്നീട് പത്തുലക്ഷം വേണമെന്ന് ആവശ്യപ്പെട്ടു.
പണം കിട്ടിയാൽ ഇന്ന് രാവിലെ 10ന് കുട്ടിയെ വിട്ടുതരാമെന്നാണ് അവർ പറഞ്ഞത്. പണം തരാമെന്നും സ്ഥലം പറഞ്ഞാൽ എത്തിക്കാമെന്നും ബന്ധു പറഞ്ഞപ്പോൾ നിങ്ങൾ പണം അറേഞ്ച് ചെയ്താൽ മതി കുട്ടിയെ വീട്ടിൽ എത്തിച്ചോളാമെന്നും ഞങ്ങളുടെ ബോസ് പറഞ്ഞിരിക്കുന്നത് രാവിലെ 10നു കൊടുക്കണമെന്നുമാണെന്ന് സ്ത്രീ ബന്ധുവിനോട് പറഞ്ഞു. പോലീസിനെ അറിയിക്കരുതെന്ന് താക്കീത് നൽകിയ ശേഷം ഫോൺ കട്ടായി.
മോചനദ്രവ്യം ആവശ്യപ്പെട്ടതും എല്ലാം നിയന്ത്രിക്കുന്നത് ഒരു ബോസ് ആണെന്ന സൂചന നൽകിയതും അന്വേഷണം വഴിതിരിച്ചു വിടാനാണോയെന്ന സംശയവും പോലീസിനുണ്ട്. ആദ്യത്തെ കോൾ വന്നത് പാരിപ്പള്ളിയിലെ ഒരു കടയുടമയുടെ ഫോണില്നിന്നായിരുന്നു.
കടയില് സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ സ്ത്രീയും പുരുഷനുമാണ് തന്റെ ഫോണ് വാങ്ങി വിളിച്ചതെന്ന് കടയുടമ പറഞ്ഞു.
അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് ഒരാള് നോക്കി നില്ക്കുന്നത് കാണാം. ഇയാളെ കണ്ടെത്താനും പോലീസ് ശ്രമിക്കുന്നുണ്ട്.
അന്വേഷണംതീരദേശമേഖലയിലും
കുട്ടിയ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച കാർ കണ്ടെത്താൻ അന്വേഷണം തീരദേശ മേഖലയിലും. വേളമാനൂരിൽനിന്ന് ചിറക്കര വഴി കാർ പരവൂർ പുത്തൻ കുളത്ത് എത്തിയതയി സ്ഥിരീകരിച്ചു.
അവിടുന്ന് പരവൂരിൽ എത്തിയാൽ തീരദേശ റോഡ് വഴി വർക്കലയിലും കൊല്ലത്തും പോകാം. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം തീരദേശമേഖലയിൽ എത്തി നിൽക്കുന്നത്.
കാപ്പിൽ വഴി വർക്കല പോയാൽ നിരവധി വിജനമായ സ്ഥലമുണ്ട്. മുക്കം, താന്നി, ഇരവിപുരം വഴി കൊല്ലത്ത് പോയാലും നിരവധി സ്ഥലങ്ങളിൽ ഒളിച്ചിരിക്കാം. ഇത്തരത്തിൽ അന്വേഷണം തുടങ്ങി കഴിഞ്ഞു.