മുംബൈ: അടുത്തവർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെച്ചൊല്ലി മഹാരാഷ്ട്രയിൽ അജിത് പവാറിന്റെ എൻസിപിയും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശിവസേനയും തമ്മിൽ ഭിന്നത.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ 48 ലോക്സഭാ സീറ്റുകളിൽ 26ലും മത്സരിക്കാൻ ഭാരതീയ ജനതാ പാർട്ടി പദ്ധതിയിടുന്നതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ബാക്കിയുള്ള 22 സീറ്റുകളെച്ചൊല്ലിയാണു തർക്കം.
22 സീറ്റിൽ 11 സീറ്റിലും മത്സരിക്കാനാണ് അജിത് പവാർ വിഭാഗം പദ്ധതിയിടുന്നതെന്നു പാർട്ടി വൃത്തങ്ങൾ അറിയിച്ചു. നിലവിലെ സീറ്റ് വിഭജനത്തിൽ മുഖ്യമന്ത്രി ഷിൻഡെയുടെ വിഭാഗത്തിന് 13 സിറ്റിംഗ് എംപിമാരാണുള്ളത്. എന്നാൽ അജിത് പവാർ വിഭാഗത്തിന് റായ്ഗഡ് മണ്ഡലത്തിൽനിന്നുള്ള സുനിൽ തത്കരെ മാത്രമേ ഉള്ളു.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ശിവസേന അംഗങ്ങൾ വിജയിച്ച മാവൽ, കോലാപുർ, നാസിക് എന്നീ മൂന്ന് സീറ്റുകൾ അജിത് പവാർ വിഭാഗം ആവശ്യപ്പെടാൻ സാധ്യതയുണ്ട്.
നിലവിൽ ഉദ്ധവ് താക്കറെയുടെ ശിവസേനയുടെ (യുബിടി) എംപിമാർ കൈവശം വച്ചിരിക്കുന്ന പർഭാനി, ധാരാശിവ്, സൗത്ത് മുംബൈ തുടങ്ങിയ മണ്ഡലങ്ങൾ സുരക്ഷിതമാക്കാൻ പവാർ വിഭാഗം ശക്തമായ നീക്കമാണ് നടത്തുന്നത്.