ബംഗളൂരു: ശർക്കര നിർമാണ യൂണിറ്റിന്റെ മറവിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ 900 ഓളം നിയമവിരുദ്ധ ഗർഭഛിദ്രങ്ങൾ നടത്തിയ ഡോക്ടറെയും ലാബ് ടെക്നീഷനെയും ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.
മൈസൂരുവിലെ ഒരു ആശുപത്രിയിൽ നടത്തിയ ഓരോ ഗർഭഛിദ്രത്തിനും ഡോ. ചന്ദൻ ബല്ലാലും അദ്ദേഹത്തിന്റെ ലാബ് ടെക്നീഷൻ നിസാറും ഏകദേശം 30,000 രൂപ വീതം ഈടാക്കിയെന്നാണ് ആരോപണം.
കഴിഞ്ഞ മാസം മൈസൂരുവിനടുത്ത് മാണ്ഡ്യയിൽ ഗർഭിണിയെ ഗർഭച്ഛിദ്രത്തിനായി കാറിൽ കൊണ്ടുപോകുന്നതിനിടെ ശിവലിംഗ ഗൗഡ, നയൻകുമാർ എന്നിവർ അറസ്റ്റിലായതോടെയാണ് ലിംഗനിർണയ-പെൺ ഭ്രൂണഹത്യ റാക്കറ്റിനെക്കുറിച്ച് പുറംലോകമറിയുന്നത്.
മാണ്ഡ്യയിൽ ഒരു ശർക്കര നിർമാണ യൂണിറ്റിന്റെ മറവിൽ അൾട്രാസൗണ്ട് സ്കാനിംഗ് സെന്റർ പ്രവർത്തിക്കുന്നതായി ഇവർ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി.
പിന്നീട് സ്ഥലത്ത് പോലീസ് സംഘം നടത്തിയ പരിശോധനയിൽ സ്കാനിംഗ് മെഷീൻ പിടിച്ചെടുത്തു. സാധുവായ അംഗീകാരമോ മറ്റ് ഔദ്യോഗിക രേഖകളോ ഇല്ലാതെയാണ് സ്കാനിംഗ് സെന്റർ പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ആശുപത്രി മാനേജർ മീന, റിസപ്ഷനിസ്റ്റ് റിസ്മ ഖാൻ എന്നിവരെ ഈ മാസം ആദ്യം അറസ്റ്റ് ചെയ്തിരുന്നതായി പോലീസ് അറിയിച്ചു.