കോഴിക്കോട്: തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനുള്ള പുനര്‍ഗേഹം പദ്ധതിയുടെ ഭൂരിഭാഗം കോ-ഓര്‍ഡിനേറ്റര്‍മാരെയും മോട്ടിവേറ്റര്‍മാരെയും പിരിച്ചുവിട്ടു. ഇതോടെ പദ്ധതി പ്രവര്‍ത്തനം പാതിവഴിയില്‍ മുടങ്ങി. സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തതാണ് ജീവനക്കാരെ പിരിച്ചുവിടുന്നതിലേക്കു നയിച്ചത്. നാലുമാസത്തെ ശമ്പളം കുടിശിക പോലും നല്‍കാതെയാണ് ഇവരെ പിരിച്ചുവിട്ടത്.
സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് ശമ്പളം അനുവദിക്കാമെന്നാണ് പദ്ധതി സ്റ്റേറ്റ് കോ- ഓര്‍ഡിനേറ്റര്‍ പിരിച്ചുവിട്ടവര്‍ക്കു നല്കിയ മറുപടി. ജില്ലകളിലെ പ്രവൃത്തി പുരോഗതി വിലയിരുത്തി 22 ശതമാനം വരെ പ്രവര്‍ത്തന ലക്ഷ്യം കൈവരിച്ചവരുടെ കാലാവധി 2024 ഓക്ടോബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ട്.
ശേഷിക്കുന്നവരുടെ സേവനം ഈ മാസം 15 മതുല്‍ റദ്ദാക്കി. ഈ മാസം ഏഴിനാണ് ഇതു സംബന്ധിച്ച് ഉത്തരവു പുറപ്പെടുവിച്ചത്. 60 ശതമാനത്തോളം പേരെയാണു പിരിച്ചുവിട്ടത്. തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ മാത്രമാണ് കോ-ഓര്‍ഡിനേറ്റര്‍മാരെ നിലനിര്‍ത്തിയത്.
കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ കോ-ഓര്‍ഡിനേറ്റര്‍മാരെ ഒഴിവാക്കി. കൊല്ലം ജില്ലയിലെ കോ-ഓര്‍ഡിനേറ്ററെ തിരുവന്തപുരത്തേക്കു മാറ്റുകയും ചെയ്തിട്ടുണ്ട്.80 പ്രമോട്ടര്‍മാരില്‍ 40 പേരെയാണ് നിലനിര്‍ത്തിയത്. പദ്ധതിയിലേക്കു ഗുണഭോക്താക്കളായി മത്സ്യത്തൊഴിലാളികളെ ചേര്‍ക്കുന്നതിനു വേണ്ടിയായിരുന്നു പ്രമോട്ടര്‍മാരെ നിയമിച്ചത്.
പദ്ധതിയില്‍ ചേരാന്‍ സന്നദ്ധരാവുന്നവര്‍ ചേര്‍ന്നു കഴിഞ്ഞെന്നും ഇനി ഇത്രയും കൂടുതല്‍ ജീവനക്കാരുടെ ആവശ്യമില്ലെന്നുമാണു വകുപ്പിന്റെ വിശദീകരണം.പുനര്‍ഗേഹം പദ്ധതി പാതിവഴിയില്‍ മുടങ്ങിയിരിക്കുകയാണ്.വീട് നിര്‍മിക്കാന്‍ സ്ഥലം വാങ്ങിയവര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കാത്തതു കാരണം രജിസ്ട്രേഷന് പൂര്‍ത്തിയാക്കാന്‍ പോലും കഴിയുന്നില്ല.
വീട് നിര്‍മാണം തുടങ്ങിയവരും തുടര്‍ഗഡു ലഭിക്കാത്തതു കാരണം കടക്കെണിയില്‍ അകപ്പെട്ടിരിക്കുകയാണ്. മൂന്ന് സെന്റ് സ്ഥലം വാങ്ങി വീടു നിര്‍മിക്കാന്‍ 10 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്.
സ്ഥലംവാങ്ങാന്‍ ആറ് ലക്ഷവും വീട് വയ്ക്കാന്‍ നാലു ലക്ഷവും. സ്ഥലം കണ്ടെത്തി വില നിശ്ചയിച്ച് എഗ്രിമെന്റ് തയാറാക്കി ഫിഷറീസ് വകുപ്പിന് സമപ്പിച്ചതിനു ശേഷമാണ് മത്സ്യത്തൊഴിലാളികള്‍ക്കു വീടിനു സ്ഥലം വാങ്ങാന്‍ അനുമതി ലഭിക്കുക.
ഇങ്ങനെ അനുമതി ലഭിച്ച് സ്ഥലം കച്ചവടമാക്കിയവര്‍ സ്ഥലം ഉടമകള്‍ക്കു പണം കൈമാറി രജിസ്ട്രേഷന് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വിഷമിക്കുകയാണ്. പണം കൊടുക്കാനാവാതെ സ്ഥലം നഷ്ടപ്പെടുന്ന അവസ്ഥയിലാണു പലരും.
പലതവണ തീയതി നിശ്ചയിച്ചിട്ടും രജിസ്ട്രേഷന് മുടങ്ങി വലഞ്ഞ ഗുണഭോക്താക്കള്‍ കഴിഞ്ഞ ആഴ്ച പ്രതിഷേധവുമായി കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ എത്തിയിരുന്നു. ഉടന്‍ പണം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാമെന്ന് പറഞ്ഞ് അധികൃതര്‍ ഇവരെ തിരിച്ചയച്ചു.
കോഴിക്കോട് ജില്ലയില്‍ മാത്രം ഇത്തരത്തില്‍ 125 പേരാണ് പണം ലഭിക്കാതെ ദുരിതം അനുഭവിക്കുന്നത്. തീരദേശത്തു വേലിയേറ്റ രേഖയില്‍നിന്ന് 50 മീറ്റര്‍ പരിധിക്കുള്ളില്‍ താമസിക്കുന്ന മുഴുവന്‍ കുടുംബങ്ങളെയും സുരക്ഷിത മേഖലയിലേക്കു പുനരധിവസിപ്പിക്കുന്നതാണ് പുനര്‍ഗേഹം പദ്ധതി. 8,743 കുടുംബങ്ങളാണ് സുരക്ഷിത മേഖലയില്‍ മാറി താമസിക്കുവാന്‍ സന്നദ്ധത അറിയിച്ചത്.