കൊല്ലം: ഓയൂരിൽ നിന്ന് 6 വയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. കൊല്ലം ആശ്രാമം മെെതാനിയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച് തട്ടിപ്പ് സംഘം കടന്നു കളഞ്ഞത്.
ആശ്രാമം മൈതാനിയിലേക്ക് കുഞ്ഞിനെ എത്തിച്ചത് ഓട്ടോറിക്ഷയിലണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഓട്ടോ ഡ്രെെവറെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇയാൾക്ക് തട്ടിപ്പുമായി യാതൊരു തരത്തിലുമുള്ള ബന്ധമില്ലെന്നു തെളിഞ്ഞു. ഓട്ടം വിളിച്ചപ്പോൾ കൊണ്ടു വിട്ടതാണെന്നും ഇയാൾ പറഞ്ഞു.
കൊല്ലം നഗരത്തെ ലിങ്ക് റോഡിൽ വച്ചാണ് യുവതിയും കുട്ടിയും ഓട്ടോക്ക് കെെ കാണിച്ചത്. ഓട്ടോയിൽ കയറി യുവതി ആശ്രാമം മൈതാനത്തേക്ക് പോകണമെന്ന് പറഞ്ഞു. കുട്ടി മാസ്ക് ധരിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മുഖം തനിക്ക് മനസിലായില്ലെന്ന് ഓട്ടോ ഡ്രെെവർ പറഞ്ഞു. കുട്ടി നന്നേ ക്ഷീണിതയായിരുന്നു.
ആശ്രാമം മൈതാനത്ത് അശ്വതി ബാറിന്റെ മുന്നിൽ എത്തിയപ്പോൾ ഇവർക്ക് ഇറങ്ങണമെന്നു പറഞ്ഞു. അവരെ അവിടെ ഇറക്കി. പണം വാങ്ങി തിരികെ എത്തി ഏകദേശം 10 മിനിട്ടാവുമ്പോഴാണ് കുട്ടിയെ കിട്ടിയെന്ന വിവരം അറിഞ്ഞത്. അപ്പോഴാണ് ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോയിട്ടുള്ള വാർത്ത തനിക്ക് ഓർമ വന്നത് വേഗം തന്നെ പൊലീസിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.
പൊക്കവും വണ്ണവുമുള്ള വെളുത്ത നിറമുള്ള സ്ത്രീയായിരുന്നു കുട്ടിയുടെ കൂടെ ഉണ്ടായിരുന്നത്. മഞ്ഞ നിറത്തിലുള്ള ചുരിദാർ ആയിരുന്നു അവരുടെ വേഷം. വെള്ള ഷോൾ തല വഴി ചുറ്റിയിരുന്നു. മാസ്കും ധരിച്ചിരുന്നു. സംഭവത്തിൽ പോലീസ് വിശദമായി അന്വേഷണം നടത്തുന്നുണ്ട്.
അതേസമയം അബിഗേലിന്റെ വാട് ഇപ്പോൾ ആഘോഷ നിറവിലാണ്. 20 മണിക്കൂറിലെ കാത്തിരിപ്പിനും കണ്ണു നീരിനും വിരാമമിട്ട് ഇനി ഓയൂർ വീട് അബിഗേലിന്റെ വരവിനായി കാത്തിരിക്കുകയാണ്. അമ്മ സിജിയുമായും ചേട്ടനുമായും മറ്റ് വീട്ടുകാരുമായും അബിഗേൽ വീഡിയോ കോളിൽ സംസാരിച്ചു. വെെദ്യ പരിശോധനക്ക് ശേഷം കുട്ടിയെ മാതാപിതാക്കളുടെ പക്കലേൽപ്പിക്കും. കുട്ടിയുടെ പിതാവ് കൂടെയുണ്ട്.