കൊച്ചി: പോയിന്റ് പട്ടികയുടെ തലപ്പത്തേക്കു മടങ്ങിയെത്താന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നു വീണ്ടും കളത്തില്‍. രാത്രി എട്ടിന് സ്വന്തം തട്ടകമായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ചെന്നൈയിന് എഫ്സിയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്.
ഏഴാം സ്ഥാനത്തുള്ള ചെന്നൈയിന് എഫ്സിയെ തോല്‍പ്പിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് ഒന്നാം സ്ഥാനത്തേക്കു മടങ്ങിയെത്താം. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ഗോവയ്ക്ക് ഒപ്പം 16 പോയിന്റ് ബ്ലാസ്റ്റേഴ്സിനുമുണ്ട്. ഗോള്വ്യത്യാസ് കണക്കിലാണു ഗോവ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്.
സീസണിലെ എട്ടാം മത്സരത്തിനിറങ്ങുന്ന ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ടിൽ മികച്ച പ്രകടനമാണു പുറത്തെടുത്തുവരുന്നത്. കളിച്ച അഞ്ചിൽ നാലിലും ജയിച്ചു.
അതേസമയം, ചെന്നൈയിന് ഈ സീസണില്‍ ഇതുവരെ രണ്ടു തവണ മാത്രമാണു ജയിക്കാനായത്. അവസാന മത്സരത്തില്‍ എഫ്സി ഈസ്റ്റ് ബംഗാളുമായി സമനിലകൂടി വഴങ്ങിയതോടെ വിജയ വഴിയിലേക്കു മടങ്ങിയെത്തുകയാണ് ലക്ഷ്യം. ഇന്നു സമനില നേടാനായാല്‍ പോലും ബ്ലാസ്റ്റേഴ്സിന് വീണ്ടും ഗോവയെ മറികടന്ന് ടേബിളില്‍ ഒന്നാമതെത്താം.
പരിക്കും സസ്പെന്‍ഷനും കഴിഞ്ഞ് സൂപ്പര്‍താരങ്ങള്‍ മടങ്ങിയെത്തിയതിനാല്‍ ചെന്നൈയിനെതിരേ മികച്ച വിജയമാണു ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്. ഈസ്റ്റ് ബംഗാളുമായി നടന്ന കളിയില്‍ ചുവപ്പ്കാര്‍ഡ് കണ്ട് പുറത്തിരുന്ന മുന്നേറ്റനിരയിലെ കരുത്തന് ദിമിത്രിയോസ് ഡയമന്റകോസ് ഇന്ന് ആദ്യ ഇലവനില്‍ ഇറങ്ങിയേക്കും.
ചെന്നൈയിന്റെ ഈ സീസണിലെ നാലാമത്തെ എവേ മത്സരമാണു കൊച്ചിയില്‍. കൊച്ചിയിലെ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കു മുന്നിലെ മത്സരം വെല്ലുവിളി നിറഞ്ഞതാണെങ്കിലും മികച്ച പ്രകടനം നടത്താന്‍ ടീം സജ്ജമായി കഴിഞ്ഞെന്ന് ചെന്നൈയിന് പരിശീലകന് ഓവന് കോയില്‍ പറഞ്ഞു.