മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്നു പാന്റിനുള്ളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വർണം പിടികൂടി.ദുബായിൽനിന്നു എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് വടകര സ്വദേശി ഫസ്നീറിൽനിന്നാണ് 25 ലക്ഷം രൂപ വരുന്ന സ്വർണം കസ്റ്റംസ് പിടികൂടിയത്.
കസ്റ്റംസ് ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു കസ്റ്റംസ് ഉദ്യോഗസ്ഥർ യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
പേസ്റ്റ് രൂപത്തിലുള്ള സ്വർണം പാന്റിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. 25 ലക്ഷം രൂപ വരുന്ന 412 ഗ്രാം സ്വർണമാണ് ഇയാളിൽനിന്നു പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പിന്നീട് വേർതിരിച്ചെടുത്തു.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ.വി.ശിവരാമൻ, സൂപ്രണ്ട് സുമിത് കുമാർ, ഇൻസ്പെക്ടർമാരായ രാധാകൃഷ്ണൻ, ഷെമ്മി, രാജശേഖര റെഡ്ഡി, നിതീഷ്, ഹവിൽദാർ വത്സല, ബോബിൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി സ്വർണം കണ്ടെത്തിയത്.