കോട്ടയം: മിമിക്രിയെ അംഗീകൃത കലാരൂപമായി അംഗീകരിച്ച് സര്‍ക്കാര്‍. കേരള സംഗീതനാടക അക്കാദമി അംഗീകരിച്ച കലാരൂപങ്ങളുടെ പട്ടികയില്‍ മിമിക്രിയെയും ഉള്‍പ്പെടുത്തി നിയമാവലിയില്‍ വരുത്തിയ ഭേദഗതി സര്‍ക്കാര്‍ അംഗീകരിച്ചു.
മിമിക്രിയെ കലാരൂപമായി അംഗീകരിക്കണമെന്നത് പത്തുവര്‍ഷമായുള്ള ആവശ്യമാണ്. സംഗീതനാടക അക്കാദമി ഈ ആവശ്യം അംഗീകരിച്ച് മിമിക്രി കലാകാരനായ കെ.എസ്. പ്രസാദിനെ ഭരണസമിതിയായ ജനറല്‍ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിരുന്നു. സാംസ്കാരികവകുപ്പ് സെക്രട്ടറി മിനി ആന്റണിയുടെ കഴിഞ്ഞദിവസത്തെ ഉത്തരവിലാണ് ഭേദഗതി അംഗീകരിച്ചത്.
ഇതോടെ മിമിക്രി കലാകാരന്മാര്ക്ക് സംഗീതനാടക അക്കാദമിയുടെ ഭരണസമിതിയായ 33 അംഗ ജനറല്‍ കൗണ്‍സിലില്‍ പ്രാധാന്യം കിട്ടും. മറ്റു കലാരൂപങ്ങള്‍ക്ക് അക്കാദമി ഏര്‍പ്പെടുത്തുന്ന പുരസ്കാരങ്ങളിലും ക്ഷേമപദ്ധതികളിലും ഈ മേഖലയിലെ കലാകാരന്മാര്ക്കും പരിഗണന കിട്ടും.
സംഗീതം (വായ്പ്പാട്ട് ഉപകരണസംഗീതവും), നാടകം (വിവിധ രൂപങ്ങള്‍), വിവിധ നൃത്തങ്ങള്‍, കഥകളി, പരമ്പരാഗത കേരളീയ കലാരൂപങ്ങള്‍ (കൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, ഓട്ടന്തുള്ളല് തുടങ്ങിയവ), നാടന്‍കലാരൂപങ്ങള്‍ (തെയ്യം, പടയണി, മുടിയേറ്റ്, ആദിവാസി കലാരൂപങ്ങള്‍ തുടങ്ങിയവ), കഥാപ്രസംഗം, പഞ്ചവാദ്യം, തായമ്പക, ചെണ്ട, ഇടയ്ക്ക, ക്ഷേത്രകലകള്‍ തുടങ്ങിയ കലാരൂപങ്ങളാണ് അംഗീകരിച്ച കലാരൂപങ്ങള്‍.