യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയാണ് ഡോ. ബിജു രചനയും സംവിധാനവും നിര്‍വഹിച്ച അദൃശ്യജാലകങ്ങൾ. യുദ്ധവുമായി ബന്ധപ്പെട്ടു സാധാരണ മനുഷ്യര്‍ക്കുണ്ടാകുന്ന പ്രയാസങ്ങളും ആശങ്കകളുമാണു പ്രമേയം.
ടോവിനോ, നിമിഷ സജയന്, ഇന്ദ്രന്‍സ് എന്നിവര്‍ മുഖ്യവേഷങ്ങളില്‍. എസ്റ്റോണിയയിലെ താലിന് ബ്ലാക്ക് നൈറ്റ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ ഇത്തവണ തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ സിനിമ. ഡോ. ബിജു സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
അദൃശ്യജാലകങ്ങള്‍…
ഫാന്റസിയും സറിയലിസവുമൊക്കെ കൂടിക്കുഴഞ്ഞ ജോണറാണു സിനിമയുടേത്. സാധാരണ ജാലകങ്ങള്‍ എല്ലാവര്ക്കും കാണാനാകുന്നതും പ്രകാശവും കാറ്റുമൊക്കെ കടത്തിവിടുകയും ചെയ്യുന്ന ഒന്നാണ്.
അത് ഒരിക്കലും അദൃശ്യമാകുന്നില്ല. അദൃശ്യജാലകങ്ങള്‍ ഈ സിനിമയുടെ മൊത്തത്തിലുള്ള പ്രമേയത്തോടു യോജിച്ചുപോകുന്ന കോൺസെപ്റ്റാണ്. അത് യഥാര്‍ഥത്തിലുള്ള ഒന്നല്ല. അതുകൊണ്ടാണ് സറിയലിസ്റ്റിക് കോൺസെപ്റ്റായി ഈ സിനിമയുടെ പേരിനെത്തന്നെ ഉപയോഗിച്ചിരിക്കുന്നത്.
യുദ്ധം ബാധിക്കുന്ന മനുഷ്യരുടെ അനുഭവം ലോകത്തെവിടെയും ഒരുപോലെയാണല്ലോ. അതിനാൽ ഈ കഥ ആർക്കും ബോധ്യമാകും. യുദ്ധസമയത്തു ദേശീയ ഭീഷണിയെന്നു മുദ്രകുത്തപ്പെടുന്ന ഐഡന്റിറ്റിയില്ലാത്ത സാധാരണക്കാരും ഇതിന്റെ പ്രമേയത്തിലുണ്ട്. എലനാര്‍ ഫിലിംസിന്റെ രാധിക ലാവു, മൈത്രി മൂവി മേക്കേഴ്സ്, ടോവിനോ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
ടോവിനോ
ടോവിനോയുമായി മറ്റൊരു സിനിമയാണ് ചെയ്യാനിരുന്നത്. പിന്നീട് ഈ കഥയിലേക്കു മാറി. ഒന്നിച്ചു വര്‍ക്ക് ചെയ്യാന്‍ ഏറ്റവും കംഫര്‍ട്ടബിളായ, നമ്മള് പറയുന്നതു കൃത്യമായി മനസിലാക്കുന്ന ഒരാക്ടറാണു ടോവിനോ.
മുന്‍ കഥാപാത്രങ്ങളില്‍നിന്നു വ്യത്യസ്തമാണ് ഇതിലെ വേഷം. സാധാരണക്കാരനായ ഒരു മനുഷ്യൻ. പതിവുലുക്കില്നിന്ന് ഏറെ മാറ്റങ്ങൾ. 10 കിലോ തൂക്കം കുറച്ചാണ് ടോവി ലൊക്കേഷനിലെത്തിയത്. ഒന്നര മണിക്കൂറെടുത്തായിരുന്നു മേക്കപ്പ്. ഷൂട്ട് തീരുമ്പോള്‍ മേക്കപ്പഴി ക്കാനും വേണം ഏറെ സമയം. അത്തരത്തിൽ സ്ട്രെയിനെടുത്താണ് ഈ വേഷം ചെയ്തത്.
നിമിഷ, ഇന്ദ്രന്‍സ്…
പ്രധാന സ്ത്രീകഥാപാത്രത്തിന് ആദ്യ ചോയ്സ് നിമിഷ തന്നെയായിരുന്നു. ടോവിയും നിമിഷയുമൊക്കെ നമ്മള് പറയുന്ന വിഷയത്തില്‍ ബോധ്യമുള്ളവരും ഒരു വേഷം ചെയ്യുന്നു എന്നതിനപ്പുറം കഥാപാത്രത്തിന്റെ സാമൂഹികാവസ്ഥ, അവർ പറയുന്ന രാഷ്ട്രീയം എന്നതിലൊക്കെ കൃത്യമായ ധാരണയുള്ളവരുമാണ്.
സാധാരണ ഒരാര്‍ട്ടിസ്റ്റ് വരുന്നതിനേക്കാള്‍ കുറച്ചുകൂടി എളുപ്പമാണ് ഇത്തരത്തില്‍ സാമൂഹിക ബോധ്യങ്ങളുള്ളവർക്കൊപ്പം വര്‍ക്ക് ചെയ്യുന്നത്. ആ അര്‍ഥത്തിലാണ് ടോവിനോയ്ക്കും ഇന്ദ്രന്‍സിനും നിമിഷയ്ക്കുമൊപ്പം വര്‍ക്ക് ചെയ്യാന്‍ കംഫര്ട്ടബിലിറ്റി തോന്നുന്നത്. ഇന്ദ്രന്‍സിനു റൈറ്ററുടെ വേഷമാണ്. കൃഷ്ണന് ബാലകൃഷ്ണന്, വിജു കൊടുങ്ങല്ലൂര്‍, രാജീവന് വെള്ളൂര്‍, ഇഷിത സുധീഷ്, ഗോവര്ധന് തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍.
റിക്കി കേജ്, യദു…
റിക്കി കേജ് സിനിമയ്ക്കു മ്യൂസിക് ചെയ്യുന്നതു കുറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ്. ഈ സിനിമയുടെ പ്രമേയത്തോടു ചേരുംവിധം ഇന്റര്‍നാഷണല്‍ ലെവലിലുള്ള ഒരു മ്യുസിഷന്‍ വേണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തെ സമീപിച്ചത്. ഓറഞ്ചുമരങ്ങളുടെ വീട്, പോര്‍ട്രെയിറ്റ്സ്, തെലുങ്കിൽ ഞാൻ ചെയ്ത ചിത്രം എന്നിവയ്ക്കു ശേഷം യദു രാധാകൃഷ്ണൻ എനിക്കൊപ്പം കാമറ ചെയ്ത സിനിമയാണിത്. എംജെയുടെ തരത്തിലുള്ള ഫ്രെയിംസും ലൈറ്റ് സെന്‍സുമൊക്കെ യദുവിലുമുണ്ട്.
ഐഎഫ്എഫ്കെയില്…?
വേറൊരു ഫെസ്റ്റിവലില്‍ ഇതിനകം പ്രദർശിപ്പിച്ചതിനാൽ ഐഎ ഫ്എഫ്കെയുടെ കാലിഡോസ്കോപ്പില് ഇതു പ്രദര്‍ശിപ്പിക്കേണ്ടതാണ്. പക്ഷേ, ഫെസ്റ്റിവലിന്റെ നിലവാരം മെച്ചപ്പെടുത്താൻ ഞാന്‍ പലപ്പോഴും ഉന്നയിച്ചിട്ടുള്ള വിഷയങ്ങളില്‍ ചലച്ചിത്ര അക്കാദമിയില്‍നിന്ന് അനുകൂലമായ ഉറപ്പുകള്‍ കിട്ടിയെങ്കില്‍ മാത്രമേ ഐഎഫ്എഫ്കെയില് പ്രദര്‍ശിപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ.
പൊളിറ്റിക്കല്‍ കറക്ട്നെസ്…
സിനിമയില്‍ സ്ത്രീവിരുദ്ധത ഉണ്ടാകാതെയിരിക്കുക, ദളിതരെ മോശമായി ചിത്രീകരിക്കാതിരിക്കുക, അശ്ലീലം ഒഴിവാക്കുക, ജെന്‍ഡർ ഇക്വാളിറ്റി പാലിക്കുക…സാമൂഹികമായ ഇത്തരം പൊതുകാര്യങ്ങളാണ് പൊളിറ്റിക്കല്‍ കറക്ട്നെസ്.
അത്തരം കാര്യങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകണമെന്നും സമൂഹം ആ രീതിയില്‍ കെട്ടിപ്പടുക്കണമെന്നും വിചാരിക്കുന്ന ഒരാള്‍ക്കാണല്ലോ സിനിമയിലും പൊളിറ്റിക്കല്‍ കറക്ട്നെസ് ഉണ്ടാകണമെന്നു തോന്നുക.
അങ്ങനെ ഉണ്ടാകേണ്ട എന്നു തോന്നുന്നവര്‍ക്ക് അങ്ങനെയും സിനിമ ചെയ്യാം. ജീവിതത്തിലും സിനിമയിലും പൊളിറ്റിക്കല്‍ കറക്ട്നെസ് ഉണ്ടാകണമെന്നാണു ഞാന്‍ വിചാരിക്കുന്നത്.
മമ്മൂട്ടിയുമായി സിനിമ…?
മമ്മൂട്ടിയുമായി സിനിമ ചെയ്യാന്‍ താത്പര്യമുണ്ട്. അദ്ദേഹത്തിനു പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന, എക്സൈറ്റിംഗ് ആകുന്ന പുതിയ വിഷയം വരുമ്പോള്‍ അതേപ്പറ്റി ആലോചിക്കാമെന്നാണ് ഞങ്ങളുടെ തീരുമാനം. വ്യത്യസ്തതയുള്ള ഒരു വിഷയത്തിനായി കാത്തിരിക്കുന്നു.
സിനിമ ചെയ്യുന്നത്….
വെറുതെ രസിപ്പിക്കാനും പൈസയുണ്ടാക്കാനുമാണോ അതോ നമ്മുടേതായ അഭിപ്രായവും ക്രിയേറ്റിവിറ്റിയും പ്രകടിപ്പിക്കാനാണോ ഒരു കലാരൂപം എന്നൊരു ചോദ്യമുണ്ട്. നമുക്കു പറയാനുള്ള കാര്യ ങ്ങള് പറയാനുള്ള ഒരു മീഡിയം, സോഷ്യല്‍ ടൂള്‍ എന്ന നിലയ്ക്കാണ് ഞാന്‍ സിനിമയെ കാണുന്നത്.