മലപ്പുറം: നവകേരള സദസിന്റെ മഞ്ചേരിയിലെ പരിപാടിക്കിടെ മുഖ്യമന്ത്രിയുടെ മുഖത്ത് എൻസിസി കേഡറ്റായ കുട്ടിയുടെ കൈതട്ടിയ വിഷയത്തിലും സൈബറിടത്തിൽ തമ്മിലടി.
അർഹിച്ച അടിയെന്ന തരത്തിലാണ് ഇടത് വിരുദ്ധ സൈബർ കൂട്ടം സംഭവത്തെ വിശേഷിപ്പിക്കുന്നത്. കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസുകാരെ തല്ലിയ മുഖ്യമന്ത്രിക്ക് ഇതുതന്നെ കിട്ടണമെന്ന തരത്തിൽ പ്രതികരണങ്ങളും നവമാധ്യമങ്ങളിൽ ഉണ്ടാകുന്നുണ്ട്.
സംഭവത്തിന്റെ വീഡിയോ നവമാധ്യമങ്ങളിൽ വൈറലാണ്. വീഡിയോയ്ക്ക് ഇടതുവിരുദ്ധ സൈബർ പോരാളികൾ സ്മൈലി റിയാക്ഷൻ നൽകുന്നതാണ് ഇടത് അനുകൂലികളെ ചൊടിപ്പിക്കുന്നത്. ഇതിന്റെ പേരിൽ ചേരിതിരിഞ്ഞുള്ള പോരാട്ടം സൈബറിടങ്ങളിൽ തുടരുകയാണ്.
മഞ്ചേരിയിലെ പരിപാടിക്ക് വേദിയിലേക്ക് എത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പുസ്തകം നൽകി സ്വീകരിക്കാനാണ് എൻസിസി കേഡറ്റുകൾ എത്തിയത്. മുഖ്യമന്ത്രിക്ക് പുസ്തകം നൽകിയ ശേഷം മടങ്ങാൻ തുടങ്ങുന്നതിനിടെയാണ് കേഡറ്റിന്റെ കൈ അദ്ദേഹത്തിന്റെ മൂക്കിന് കൊണ്ടത്.
അപ്രതീക്ഷിത സംഭവത്തിൽ പകച്ചുപോയ കുട്ടി മുഖ്യമന്ത്രിയുടെ അടുത്തേക്ക് എത്തി സംസാരിക്കുന്നതും മുഖത്തും തൊടുന്നതും കാണാം. കണ്ണട കൂട്ടി കുട്ടിയുടെ കൈ കൊണ്ടതിനാൽ മുഖ്യമന്ത്രിയും അസ്വസ്ഥനായി.
സീറ്റിലിരുന്ന മുഖ്യമന്ത്രി തൂവാലകൊണ്ട് കണ്ണുതുടച്ചതിന് ശേഷമാണ് സംസാരിക്കാൻ എണീറ്റത്. പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ മുഖ്യമന്ത്രിയെ ആരോഗ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഡോക്ടർമാർ പരിശോധിക്കുകയും ചെയ്തു.