മിക്ക ആളുകൾക്കും ബുള്ളറ്റ് ഇഷ്ടമാണ്. നിരവധി ആരാധകരാണ് ബുള്ളറ്റിനുള്ളത്. എന്നാൽ ബുള്ളറ്റിനെ പ്രതിഷ്ഠിച്ച് ആരാധന നടത്തുന്ന സ്ഥലമുമുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമായിരിക്കും അല്ലേ. എന്നാൽ കേട്ടോളു.
രാജസ്ഥാനിൽ അത്തരത്തിലൊരു സ്ഥലമുണ്ട്. രാജസ്ഥാനിലെ ജോധ്പൂരിനടുത്ത് ഛോട്ടില എന്ന ഗ്രാമത്തിലാണ് ബുള്ളറ്റ് ദൈവമായി ആരാധിക്കപ്പെടുന്നത്. ദിവസവും നൂറുകണക്കിന് ഗ്രാമീണര്‍ ഇവിടെയെത്തി ആരാധന നടത്താറുണ്ട്.
‘ഓം ബന്ന’ അഥവ ‘ബുള്ളറ്റ് ബാബ’ എന്നാണ് വിശ്വാസികള്‍ ബുള്ളറ്റ് ദൈവത്തെ വിളിക്കുന്നത്. എന്‍ഫീല്‍ഡ് ബുള്ളറ്റിൽ ദൈവാംശം ഉള്ളതായി കണ്ടെത്തി 1991 മുതലാണ് ആരാധന നടത്താൻ ആരംഭിച്ചത്.
സുരക്ഷിതമായ യാത്രക്കും പുതിയ വണ്ടി വാങ്ങുന്നതിനും വാഹനം വിൽക്കുന്നതിനുമെല്ലാം ബുള്ളറ്റ് ബാബയുടെ അനുഗ്രഹം വാങ്ങാൻ ഭക്തജനങ്ങൾ എത്താറുണ്ട്.
ഇതുവഴി കടന്നു പോകുന്നവർക്ക് ബുള്ളറ്റ് ബാബ തങ്ങളെ സംരക്ഷിക്കുന്ന ദൈവമാണ്. ഹോൺ മുഴക്കിയാണ് യാത്രക്കാർ ബാബയ്ക്ക് വഴിപാട് നേരുക. കാണിക്കയായി മദ്യവും സമർപ്പിക്കാറുണ്ട്.
ബുള്ളറ്റ് ക്ഷേത്രത്തിന് സമീപത്ത് കൂടെ കടന്നുപോകുന്നവര്‍ വണ്ടി നിര്‍ത്തി ബാബയെ തൊഴുത് പോകണം എന്നാണ് വിശ്വാസം. അങ്ങനെ ചെയ്തില്ലെങ്കിൽ അപകടമരണമുണ്ടാകുമെന്നാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്.
1988 ഡിസംബർ 2ന് അച്ഛൻ സമ്മാനമായി നൽകിയ റോയൽ എൻഫീൽഡ് ബുള്ളറ്റിൽ കൂട്ടുകാരുമൊത്ത് കറങ്ങാനിറങ്ങിയതായിരുന്നു ഓംബനസിംങ്ങ് എന്ന യുവാവ്. എന്നാൽ എതിരെ വന്ന ഒരു ലോറിയുമായി യുവാവിന്റെ ബുള്ളറ്റ് കൂട്ടിയിടിച്ചു. അപ്രതീക്ഷിത അപകടത്തിൽ ഓംബനസിംങ്ങ് മരണപ്പെട്ടു. അപകടത്തെ തുടർന്ന് പോലീസ് ബുള്ളറ്റ് കസ്റ്റഡിയിലെടുത്തു.
സ്റ്റേഷനിലേക്ക് കൊണ്ടു വന്ന ബുള്ളറ്റ് പിറ്റേദിവസം പോലീസെത്തി നോക്കിയപ്പോൾ അവിടെ കാണാനില്ലായിരുന്നു. ബുള്ളറ്റ് തിരഞ്ഞെത്തിയ പോലീസ് അപകട സ്ഥലത്തു നിന്നും ബുള്ളറ്റ് കണ്ടെടുത്തു. ആരെങ്കിലും കൊണ്ടിട്ടതാകാം എന്നുകരുതി പോലീസ് വീണ്ടും ബുള്ളറ്റിനെ സ്റ്റേഷനിലെത്തിച്ചു. കൂടാതെ ആരും എടുക്കാതിരിക്കാൻ പെട്രോൾ കാലിയാക്കുകയും ചെയ്തു.
എന്നാൽ പിറ്റേദിവസവും സ്റ്റേഷനിൽ നിന്നും ബുള്ളറ്റ് കാണാതെയായി അപകടം നടന്ന സ്ഥലത്തു നിന്നും കണ്ടെടുക്കുകയും ചെയ്തു. അങ്ങനെ കുറെ ദിവസം ഇത് ആവർത്തിച്ചപ്പോൾ പോലീസ് ഈ ബുള്ളറ്റ് യുവാവിന്റെ വീട്ടുകാർക്ക് തന്നെ തിരികെ നൽകി.
എന്നാൽ യുവാവിന്റെ വീട്ടുകാർ ഗുജറാത്തിലുള്ള ഒരാൾക്ക് ബുള്ളറ്റ് വിറ്റു. എന്നാൽ വീണ്ടും ബുള്ളറ്റ് അവിടെ നിന്നും അപകടസ്ഥലത്തേക്ക് തിരിച്ചെത്തി. ആക്സിഡന്റ് സംഭവിച്ചപ്പോൾ ഓംബനസിംങ്ങ് മദ്യപിച്ചിട്ടുണ്ടായിരുന്നു.
അങ്ങനെ ഓംബനസിംങ്ങിന്റെ ബുള്ളറ്റിനെ പ്രതിഷ്ഠയായി കണ്ട് ആളുകൾ ആരാധിക്കാൻ തുടങ്ങി. ബുള്ളറ്റ് ബാബ എന്ന് വിശ്വാസികൾ വിളിച്ചു.