ബംഗളൂരു: മൊബൈല്‍ അമിതമായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ അച്ഛൻ മകനെ കുത്തിക്കൊന്നു. മൈസൂരു ബന്നിമണ്ഡപ് സ്വദേശി ഉമേസ് (22) ആണ് കൊല്ലപ്പെട്ടത്.
ഉമേസിന്റെ അച്ഛൻ അസ് ലം പാഷ (53) പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഉമേസ്, അമ്മയുടെ ഫോണുപയോഗിച്ചു സ്ഥിരമായി ഗെയിമുകള്‍ കളിച്ചിരുന്നു. ഫോണ്‍ അമിതമായി ഉപയോഗിക്കരുതെന്ന് പലവട്ടം അച്ഛൻ മകനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കാര്യമായ മാറ്റമുണ്ടായില്ല.
സംഭവദിവസം വൈകീട്ട് ഉമേസ് മൊബൈലില്‍ കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അസ് ലം പാഷ ഫോണ്‍ അമ്മയ്ക്ക് തിരികെ നല്കാന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.
ഇതിനിടെയാണ് പ്രകോപിതനായ അസ് ലം പാഷ അടുക്കളയില്‍നിന്ന് കറിക്കത്തി എടുത്തുവന്ന് ഉമേസിനെ കുത്തുകയായിരുന്നു. വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് ഉമേസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഉമേസ് മരിച്ചെന്നറിഞ്ഞതോടെ അസ് ലം പാഷ നരസിംഹരാജ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.