കോട്ടയം: വന്‍ ലാഭം പ്രതീക്ഷിച്ച് മത്സ്യകൃഷിയിറക്കിയവര് ചാടിയ കുളത്തില്‍നിന്നു തിരിച്ചുകയറനാവാത്ത അവസ്ഥയില്‍. വളര്‍ത്തുമീനിന്റെ വില ഇടിഞ്ഞതും തീറ്റയുടെ വില കുത്തനെ വര്‍ധിച്ചതുമാണ് മത്സ്യകൃഷിയില്‍ തിരിച്ചടിയായത്.
കിലോയ്ക്ക് 280 രൂപ വിലയുണ്ടായിരുന്ന തിലാപ്പിയക്ക് ഇപ്പോള്‍ വിപണിവില 100 രൂപയില്‍ താഴെയാണ്. എന്നാല്‍ മത്സ്യത്തീറ്റയുടെ വില നാള്‍ക്കുനാള്‍ മുകളിലേക്കു കയറുകയുമാണ്. 10 വര്‍ഷം മുന്‍പ് 22 രൂപയ്ക്ക് ലഭിച്ചിരുന്ന തീറ്റ 65 രൂപയ്ക്കു മുകളിലായി. പലയിടത്തും പല വിലയാണ് കന്പനികള്‍ ഈടാക്കുന്നത്.
വരാലിനു നല്കുന്ന സ്റ്റാര്‍ട്ടറിന് 160 രൂപയ്ക്കു മുകളിലാണ്. ഒരു മത്സ്യക്കുഞ്ഞ് പൂര്‍ണ വളര്‍ച്ച എത്തുന്പോഴേക്കും കര്ഷകന് 150 രൂപയില്‍ കൂടുതലാണ് ചെലവ് വരുന്നത്. കര്ഷകന് ഉത്പാദന ചെലവിന് ആനുപാതികമായി വില ലഭിക്കുന്നില്ല.
മത്സ്യകൃഷി വ്യാപകമായതോടെയാണ് വില കാര്യമായി ഇടിഞ്ഞത്. കോവിഡിനുശേഷം മുപ്പതിനായിരം ടണ്‍ മത്സ്യ ഉത്പാദനമാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.
എന്നാല്‍, പതിനഞ്ച് ടണ്ണിലേക്ക് എത്തിയപ്പോള്‍ തന്നെ വില ഇടിഞ്ഞുതുടങ്ങിയതായി ഫിഷ്ഫാര്മേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വൈക്കം ബ്രഹ്മമംഗലം സ്വദേശി റെജി പൂത്തറ പറയുന്നു.
അന്യസംസ്ഥാനങ്ങളില്‍നിന്ന് വളര്ത്തുമീന് എത്തിത്തുടങ്ങിയതും വില ഇടിയാന്‍ കാരണമായി. ആന്ധ്ര, തമിഴ്നാട്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നാണ് വ്യാപകമായി വളര്‍ത്തുമത്സ്യം എത്തുന്നത്.
കിലോയ്ക്ക് 100 രൂപയില്‍ താഴെയാണ് വില. ഇതോടെ നാട്ടിലെ മത്സ്യത്തിന് ആവശ്യക്കാരില്ലാതെയായി. മത്സ്യകൃഷി ആരംഭിക്കാന്‍ കര്ഷകന് 40 ശതമാനം സബ്സിഡി നല്‍കുമെങ്കിലും പിന്നീട് സര്‍ക്കാര്‍ പിന്തുണയുണ്ടാകാറില്ലെന്ന് എട്ട് ഏക്കറില്‍ 28 ലക്ഷം രൂപ മുടക്കി കൈപൊള്ളിയ കോട്ടയം സ്വദേശി ഗീവര്‍ഗീസ് പറയുന്നു.