കൊല്ലം: ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കസ്റ്റഡിയിലായ കുടുംബത്തെ ഉടൻ പൂയപ്പള്ളി സ്റ്റേഷനിലെത്തിക്കും. കുട്ടിയെ തട്ടിക്കൊണ്ട് പോയത് പ്രതികൾ മൂന്നു പേരും ചേർന്ന്. കുട്ടിയുടെ വീട്ടിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത് പദ്മകുമാറിന്റെ ഭാര്യ അനിതകുമാരി. ഇവരുടെ ശബ്ദം ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ തിരിച്ചറിഞ്ഞു.
അടൂർ കെഎപി ക്യാമ്പിൽ പത്തുമണിക്കൂർ നീണ്ട ചോദ്യംചെയ്യൽ പുലർച്ചെ മൂന്നോടെയാണ് പൂർത്തിയായത്. ചോദ്യംചെയ്യൽ ഇന്നും തുടരും. എന്നാൽ കേസിൽ മറ്റാർക്കും പങ്കില്ലെന്നും മൊഴിയിൽ വ്യക്തമാക്കുന്നു.
ഇതിനിടെ, കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ലോൺ ആപ്പിൽ നിന്നും പദ്മകുമാര്‍ വായ്പയെടുത്തിരുന്നു. ഇതിനു പുറമെ ക്രഡിറ്റ് കാർഡ് വഴിയും പണമിടപാട് നടത്തി. തന്റെ വായ്പകൾ തീര്‍ക്കാൻ പണം കിട്ടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.
കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ പല തവണ ശ്രമിച്ചിരുന്നു. കുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോകുന്ന സമയത്ത് കൂടെയുണ്ടായിരുന്ന സഹോദരന്റെ കൈയിൽ പദ്മകുമാർ ഭീഷണിക്കത്ത് നല്‍കിയിരുന്നുവെന്നാണ് പുറത്തു വരുന്ന പുതിയ വിവരം.
പണം നല്കിയെങ്കിൽ മാത്രമേ കുട്ടിയെ വിട്ടുതരികയുള്ളൂ എന്നാണ് കത്തിൽ എഴുതിയിരുന്നത്. എന്നാൽ കുട്ടിയുടെ സഹോദരൻ കുറിപ്പ് വാങ്ങിയില്ല. ഇത് കാറിനുള്ളിൽത്തന്നെ വീഴുകയായിരുന്നു എന്നും പദ്മകുമാർ പറഞ്ഞു.
കത്ത് സഹോദരൻ വാങ്ങാതിരുന്നതു മുതലാണ് പദ്മകുമാറിന്റെ പദ്ധതികൾ പാളാൻ തുടങ്ങിയത്. കുട്ടിയെ കാറിൽ കയറ്റി പദ്മകുമാറിന്റെ ഫാം ഹൗസിലെത്തിച്ചു. അവിടെയെത്തി ടിവി വെച്ചപ്പോഴാണ് സംഭവം നാട് മുഴുവൻ അറിഞ്ഞെന്നു മനസിലായത്. ഇനി രക്ഷയില്ലെന്നും മനസിലായതോടെ കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളയാൻ ശ്രമിക്കുകയായിരുന്നു. അങ്ങനെയാണ് കൊല്ലം ആശ്രാമം മെെതാനിയിൽ കുട്ടിയെ ഉപേക്ഷിച്ചത്.