ബെയ്ജിംഗ്: കിന്റർഗാർട്ടനിൽ മൂന്നാഴ്ചയോളം കുട്ടിയെക്കൊണ്ട് പാത്രം കഴുകിച്ചു. തുടർന്ന് പിതാവ് പരാതി നൽകിയതിന് പിന്നാലെ ആറ് വയസുകാരിയെ കിന്റർഗാർട്ടനിൽ നിന്ന് പുറത്താക്കി. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയിൽ ഒരു വീഡിയോ അപ്ലോഡ് ചെയ്തു. തന്റെ മകളെ അവളുടെ കിന്റർഗാർട്ടനിൽ 20 ദിവസം 25 കുട്ടികളുടെ പാത്രം കഴുകാൻ പ്രേരിപ്പിച്ചുവെന്ന് അതിൽ അവകാശപ്പെട്ടു.
വിയർപ്പിൽ നനഞ്ഞാണ് കുട്ടി വീട്ടിലെത്തുന്നതെന്ന് പിതാവ് പറഞ്ഞു. അർദ്ധരാത്രിയിൽ ഉറക്കമുണർന്ന് കുട്ടി അച്ഛനോട് പറഞ്ഞത് ഇനി കിന്റർഗാർട്ടനിലേക്ക് പോകേണ്ടെന്നും, പാത്രങ്ങൾ കഴുകി താൻ വളരെ ക്ഷീണിതയാണെന്നുമാണ്. മറ്റ് കുട്ടികൾ കളിക്കുമ്പോൾ ഞാൻ തനിച്ച് പാത്രങ്ങൾ കഴുകുകയാണെന്ന് മകൾ പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരിക്കൽ താൻ ഈ വിഷയത്തെ കുറിച്ച് സംസാരിച്ചപ്പോൾ തന്റെ മകളെ ഭീഷണിപ്പെടുത്തുകയും ഒടുവിൽ പുറത്താക്കപ്പെടുകയും ചെയ്തുവെന്നും അയാൾ അവകാശപ്പെട്ടു.കൊച്ചുമകളെ കൂട്ടാൻ സ്കൂളിലെത്തിയപ്പോഴാണ് കുട്ടിയുടെ മുത്തശ്ശി പുറത്താക്കിയ വിവരം അറിയുന്നത്. ഇന്നുവരെ, ടീച്ചർ എന്നെ അഭിമുഖീകരിക്കുകയോ വിശദീകരണം നൽകുകയോ ചെയ്തിട്ടില്ലെന്നും പിതാവ് പറഞ്ഞു.
മറുവശത്ത് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനും സ്ഥാപനത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയതിനും പെൺകുട്ടിയുടെ പിതാവിനെതിരെ സ്കൂൾ നിയമനടപടികൾ ആരംഭിക്കുമെന്ന് കിന്റർഗാർട്ടൻ ജീവനക്കാർ അറിയിച്ചു.
കുട്ടികളോട് ഒരിക്കലും നിയമവിരുദ്ധമായ പെരുമാറ്റത്തിൽ ഏർപ്പെട്ടിട്ടില്ലെന്ന് കിന്റർഗാർട്ടനിലെ ഒരു നിയമ ഉപദേഷ്ടാവ് പറഞ്ഞു. നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ഒരു വിദ്യാർഥിയെ പുറത്താക്കാനുള്ള അവകാശം സ്കൂളിന് ഉണ്ടായിരിക്കുമെന്നും ഉപദേശകൻ കൂട്ടിച്ചേർത്തു. എന്നാൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പ്രാദേശിക വിദ്യാഭ്യാസ അതോറിറ്റി അറിയിച്ചു.