കൊച്ചി: പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആത്മഹത്യയും ആത്മഹത്യ പ്രവണതയും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആഭ്യന്തര വകുപ്പ് നടത്തിയ പഠന റിപ്പോര്‍ട്ടിലെ കണക്കുകളില്‍ പൊരുത്തക്കേടെന്ന് ആക്ഷേപം. ആഭ്യന്തര വകുപ്പ് നടത്തിയ പഠനപ്രകാരം 2019 ജനുവരി ഒന്നു മുതല്‍ 2023 സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ 69 പോലീസുകാര്‍ ആത്മഹത്യ ചെയ്തതായാണ് റിപ്പോര്‍ട്ട്.
എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 75 പോലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് പോലീസ് അസോസിയേഷന് പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ കളമശേരി എആര്‍ ക്യാമ്പിലെ ഡ്രൈവര്‍ എസ്സിപിഒ മൂവാറ്റുപുഴ റാക്കാട് മുരിങ്ങോത്തില്‍ ജോബി ദാസ്(48) വീട്ടില്‍ തൂങ്ങിമരിച്ച സമയത്തെ കണക്കാണിത്. അതിനുശേഷവും വിവിധ ജില്ലകളിലായി പോലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്തിരുന്നു.
ആഭ്യന്തര വകുപ്പിന്റെ തെറ്റായ റിപ്പോര്‍ട്ടിനെതിരേ സേനയില്‍ അമര്‍ഷം രൂക്ഷമാണ്. യഥാര്‍ഥ കണക്കുകള്‍ ആഭ്യന്തര വകുപ്പിന് രണ്ടു ദിവസത്തിനകം കൈമാറാനുള്ള ഒരുക്കത്തിലാണ് കേരള പോലീസ് അസോസിയേഷന്. വരും ദിവസങ്ങളില്‍ ഡിഐജി ആര്. നിശാന്തിനിയുടെ നേതൃത്വത്തില്‍ ഈ റിപ്പോര്ട്ടിന്മേല് ചര്‍ച്ചയുണ്ടാകും.
തിരുവനന്തപുരം റൂറല്‍, ആലപ്പുഴ, എറണാകുളം റൂറല്‍, എറണാകുളം സിറ്റി എന്നീ പോലീസ് ജില്ലകളിലാണ് ഏറ്റവും അധികം ആത്മഹത്യകള്‍ നടന്നതെന്നാണ് ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ടിലുള്ളത്. തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ 10 ആത്മഹത്യകളും ആലപ്പുഴ, എറണാകുളം റൂറല്‍ എന്നീ ജില്ലകളില്‍ ഏഴ് വീതം ആത്മഹത്യകേസുകളും എറണാകുളം സിറ്റിയില്‍ ആറു കേസുകളും ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് പഠനത്തിലുള്ളത്.
ഒരു കേസ് മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വയനാട്, കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ എന്നിവിടങ്ങളിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ആത്മഹത്യ കുറവുള്ള ജില്ലകള്‍. അതേസമയം എറണാകുളം സിറ്റി, റൂറലിലായി പത്തോളം ആത്മഹത്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
സിപിഒ റാങ്കിലുള്ള 32 ഉദ്യോഗസ്ഥരും ഹവില്‍ദാര്‍/ എസ് സിപിഒ റാങ്കിലുള്ള 16 ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 48 പോലീസ് ഉദ്യോഗസ്ഥരും ഒരു ഇന്‍സ്പെക്ടര്‍ , 12 എസ്/ ഗ്രേഡ് എസ്ഐ, എട്ട് എഎസ്ഐ/ ഗ്രേഡ് എഎസ്ഐ മാരും ഉള്‍പ്പെടെ 21 ഓഫീസര്‍ തസ്തികയിലുള്ള പോലീസ് ഉദ്യോഗസ്ഥരും ഇക്കാലയളവില്‍ ആത്മഹത്യ ചെയ്തതായാണ് ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ടിലുള്ളത്.
വിവിധ ജില്ലകളിലായി 12 സിപിഒ/ എസ്സിപിഒ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ആത്മഹത്യാശ്രമം നടത്തിയതായും റിപ്പോർട്ടിലുണ്ട്. 2019ല്‍ 18 കേസുകളും 2020 ല്‍ പത്തു കേസുകളും 2021 ല്‍ എട്ടു കേസുകളും 2022 ല്‍ 20 കേസുകളും 2022 സെപ്റ്റംബര്‍ 30 വരെ 13 കേസുകളും രജിസ്റ്റര്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ 2022 ല്‍ നാല് ആത്മഹത്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2022 വര്‍ഷത്തില്‍ സംസ്ഥാനമൊട്ടാകെ 20 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കുടുംബപരമായ വിഷയങ്ങള്‍ കാരണം 30 പേരും മാനസികമായ സംഘര്‍ഷം മൂലം 20 പേരും അധിക ജോലി ഭാരം കാരണം ഏഴു പേരും അഞ്ചു പേര് ആരോഗ്യപരമായ കാരണങ്ങളാലും അഞ്ചു പേര് സാമ്പത്തിക കാരണങ്ങളാലും ആത്മഹത്യ ചെയ്തതായാണ് ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട്. രണ്ടു ഉദ്യോഗസ്ഥരുടെ മരണകാരണം വ്യക്തമല്ല.
സമ്മര്‍ദം ലഘൂകരിക്കാനുള്ള ഒമ്പതിന നിര്‍ദേശങ്ങളും ആഭ്യന്തര വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ആത്മഹത്യ പ്രവണതയുള്ളവരെയും മാനസിക സമ്മര്‍ദം അനുഭവിക്കുന്നവരെയും തിരിച്ചറിഞ്ഞു കൗണ്‍സലിംഗ് നല്‍കുക, ജോലി സംബന്ധമായ പരാതികളും വ്യക്തിപരമായ വിഷമങ്ങളും അവതരിപ്പിക്കാന്‍ നിലവിലെ മെന്ററിംഗ് സംവിധാനം ശക്തിപ്പെടുത്തുക, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനുള്ള അനുയോജ്യ വേദിയൊരുക്കുക, വീക്കിലി , ഡെയ്ലി ഓഫുകളും അര്‍ഹമായതും അനുവദനീയവുമായ അവധികളും പരമാവധി ഏര്‍പ്പെടുത്തുക. മാനസിക സമ്മര്ദമുണ്ടാകുന്നവര്ക്ക് സഹപ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് പ്രശ്നലഘൂകരണത്തിനുള്ള സഹായം ഒരുക്കുക.
യോഗ പോലുള്ള പരിശീലനങ്ങള്‍ നല്‍കുക. ഉചിതമായ സമയങ്ങളില്‍ ആവശ്യമായ ചികിത്സകള്‍ സ്വീകരിക്കുക. മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ ഉദ്യോഗസ്ഥരെ സ്വയം പര്യാപ്തരാക്കുക. സംസ്ഥാനതലത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക പിരിമുറക്കം കുറയ്ക്കുന്നതിനായി തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ പ്രവര്‍ത്തിക്കുന്ന ഹെൽപ് ആന്‍ഡ് അസിസ്റ്റന്‍സ് ടു ടാക്കില്‍ സ്ട്രെസ് പോലുള്ള സംവിധാനങ്ങള്‍ ഓരോ ജില്ലയിലും ആരംഭിക്കുക എന്നീ നിര്‍ദേശങ്ങളാണ് ആഭ്യന്തര വകുപ്പ് സംസ്ഥാന പോലീസ് മേധാവിക്ക് നല്കിയ റിപ്പോര്‍ട്ടിലുള്ളത്.
സീമ മോഹന്‍ലാല്‍