ഹൈദരാബാദ്: അധികാര തുടർച്ചയെന്ന കെസിആറിന്റെ സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിക്കാൻ മുന്നിട്ടിറങ്ങിയത് രേവന്ത് റെഡ്ഡി എന്ന 54 വയസുകാരനാണ്. രേവന്ത് റെഡ്ഡി മുന്നിൽ നിന്നും നയിച്ച തെരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. 119 അംഗ സഭയിൽ 65ലേറെ സീറ്റുകൾ നേടിയാണ് കോൺഗ്രസ് സംസ്ഥാനത്ത് അധികാരത്തിലെത്തുന്നത്.
ആദ്യ കാലങ്ങളിൽ കെസിആറിനൊപ്പമായിരുന്നു രേവന്ത് റെഡ്ഡി. പിന്നീട് 2017 ൽ കോണ്‍ഗ്രസിലേക്ക് എത്തുകയായിരുന്നു. അവിടെ മുതലാണ് തെലുങ്കാനയില്‍ കോണ്‍ഗ്രസിന്റെ ഉയർച്ച തുടങ്ങിയത്. കോളജ് പഠന കാലത്ത് എബിവിപിയുടെ വിദ്യാർഥി നേതാവായിരുന്ന രേവന്ത് റെഡ്ഡി പിന്നീട് സംഘപരിവാർ രാഷ്ട്രീയം വിട്ട് സംസ്ഥാന രാഷ്ടീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തെലുങ്കാനയിൽ കോൺഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെ ഉത്തംകുമാർ റെഡ്ഡി പാർട്ടി അധ്യക്ഷ സ്ഥാനം രാജിവച്ചു. പിന്നീട് കോൺഗ്രസ് സംഘടനാ സംവിധാനം സംസ്ഥാനത്ത് ഇല്ലാതായ അവസ്ഥയിലാണ് രേവന്ത് റെഡ്ഡി തെലുങ്കാന പിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്.
ജനങ്ങൾക്കൊപ്പം ഇറങ്ങിയാണ് താഴെത്തട്ടിൽ ഇല്ലാതായ പാർട്ടിയെ രേവന്ത് തിരിച്ചുകൊണ്ടുവന്നത്. കെസിആർ എന്ന അതികായനെതിരേ പതറാതെ പോരാടിയെ രേവന്തിന് തെലുങ്ക് മക്കൾ അർഹിച്ച വിജയം സമ്മാനിക്കുകയായിരുന്നു.
ഒരുവേള കെസിആറിൽ പോലീസ് രേവന്ത് റെഡ്ഡിയെ ജയിലിൽ അടച്ചു. സ്വന്തം മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ മാത്രമാണ് രേവന്തിന് പരോൾ കിട്ടിയത്. കോൺഗ്രസിന്റെ പോരാട്ട മുഖമായി രേവന്തിനെ ഹൈക്കമാൻഡ് ഉയർത്തിക്കാട്ടിയതും അദ്ദേഹത്തിന്റെ ജനപ്രീതി വർധിപ്പിച്ചു.