മനില: തെക്കൻ ഫിലിപ്പീൻസിൽ ഞായറാഴ്ച വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയായിരുന്ന കത്തോലിക്കരെ ലക്ഷ്യമിട്ട സ് ഫോടനത്തിൽ നാലു പേർ കൊല്ലപ്പെട്ടു.
ഫിലിപ്പീൻസിലെ ഏറ്റവും വലിയ മുസ്ലിം നഗരമായ മരാവിയിലുള്ള മിൻഡനാവോ യൂണിവേഴ്സിറ്റിയുടെ കായികപരിശീലന ഹാളിൽ രാവിലെ വിശുദ്ധ കുർബാനയ്ക്കിടെയാണു സ്ഫോടനമുണ്ടായത്. 42 പേർക്ക് പരിക്കേറ്റെങ്കിലും ആരും ഗുരുതരാവസ്ഥയിലല്ല.
മേഖലയിൽ സാന്നിധ്യമുള്ള ദൗള ഇസ്ലാമിയ മാവുട്ടെ എന്ന ഗ്രൂപ്പ് ആയിരിക്കാം ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച ഫിലിപ്പീനി സേനയുമായുള്ള ഏറ്റുമുട്ടലിൽ ഗ്രൂപ്പിലെ 11 അംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. നാടൻ ബോംബോ ഗ്രനേഡോ ഉപയോഗിച്ചാണു സ്ഫോടനം നടത്തിയിരിക്കുന്നത്. കെട്ടിടത്തിനു കാര്യമായ തകരാറില്ല.
ഫിലിപ്പീൻസിലെ 11.3 കോടി ജനങ്ങളിൽ 80 ശതമാനവും കത്തോലിക്കരാണ്. പള്ളികളില്ലാത്ത സ്ഥലങ്ങളിൽ സ്കൂൾ ഗ്രൗണ്ടുകളിലും ഷോപ്പിംഗ് മാളുകളിലും ഞായറാഴ്ച കുർബാന നടത്താറുണ്ട്. മംഗളവാർത്തക്കാലം ആരംഭിച്ചതിനാൽ ഇന്നലെ വിശുദ്ധ കുർബാനയ്ക്കു പതിവിലും കൂടുതൽ പേർ എത്തിയിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരസംഘടനകൾക്ക് സാന്നിധ്യമുള്ള സ്ഥലമാണ് മരാവി. 2017ൽ ഫിലിപ്പീനി സേനയും തീവ്രവാദികളും തമ്മിൽ അഞ്ചുമാസം യുദ്ധം നടന്നിരുന്നു.