കടുത്തുരുത്തി: പോത്തിറച്ചി വില ഏകീകരിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായി. പലയിടത്തും തരംപോലെയാണ് വില ഈടാക്കുന്നത്. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നുറുക്കാത്ത പോത്ത് ഇറച്ചി വില 380 / 370 രൂപ.
എന്നാല്‍ എറണാകുളത്തെ വില നിലവാരം വേറെയാണ്. ചില സ്ഥലങ്ങളില്‍ 340, ചിലടത്ത് 350. എന്നാല്‍ ഇതേ ഇറച്ചിക്ക് അടിമാലിയില്‍ 300, വരാപ്പുഴയിലും ചാലക്കുടിയില്‍ 280 രൂപ, തൃശൂരും പരിസരപ്രദേശങ്ങളിലും 280/300 രൂപ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങി ജില്ലകളിലാണെങ്കില്‍ 280/300 രൂപ.
പോത്തിറച്ചിക്ക് മറ്റു ജില്ലകളില്‍ വില്‍ക്കുന്ന വില ഇങ്ങനെയൊക്കെയാണെങ്കിലും കോട്ടയത്ത് മാത്രം നുറുക്കാത്ത ഒരു കിലോ പോത്തിറച്ചിക്ക് 400/380 രൂപ കൊടുക്കണം. പോത്തിറച്ചിയുടെ വില നിശ്ചയിക്കാന്‍ ജില്ലാ പഞ്ചായത്തിന് അധികാരം ഉണ്ടെന്നാണ് പറയുന്നതെങ്കിലും ഇവരാരും ഈ ജനകീയ പ്രശ്നത്തില്‍ ഇടപെടുന്നില്ല.
ജില്ലാപഞ്ചായത്ത് ഇടപെട്ട് ജില്ലയില്‍ വില്‍ക്കുന്ന പോത്തിറച്ചിക്ക് മാംസ വ്യാപാരികള്‍ ഈടാക്കുന്ന അമിതവില കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
സര്‍ക്കാര്‍ ന്യായവില കടകൾ ആരംഭിക്കണം
പ്രശ്ന പരിഹാരത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇടപെട്ട് കുടുംബശ്രീകളെയോ, മറ്റു സൗകര്യങ്ങള്‍ ഉപയോഗിച്ചോ ജനകീയ പോത്തിറച്ചി കടകള്‍ ആരംഭിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത്തരം പ്രസ്ഥാനങ്ങള്‍ ഉണ്ടായാല്‍ ന്യായവിലയ്ക്കു ജനങ്ങള്‍ക്ക് പോത്ത്, പന്നി, ആട് തുടങ്ങി ഇറച്ചികള്‍ ലഭ്യമാവുമെന്ന പ്രതീക്ഷയും നാട്ടുകാര്‍ക്കുണ്ട്.
പോത്തുവളര്ത്തലും സജീവം
പോത്തിറച്ചിക്കു വില വര്‍ധിച്ചതോടെ നാട്ടിന്‍പുറങ്ങളില്‍ പോത്ത് വളര്‍ത്തലും സജീവമാണ്. ചെറിയ കിടാക്കളെ വാങ്ങി തരിശ് കിടക്കുന്ന പാടശേഖരങ്ങളിലേക്ക് അഴിച്ചുവിട്ടാണ് പലരും കൃഷി നടത്തുന്നത്.
മറ്റു ചെലവുകളൊന്നും വരാത്തതിനാലും മാസങ്ങള്‍ക്കുള്ളില്‍ വലിയ ലാഭം കിട്ടുമെന്നതിനാലുമാണ് കൂടുതല്‍ ആളുകള്‍ ഇത്തരത്തില്‍ പോത്ത് വളര്‍ത്തലിലേക്കു തിരിഞ്ഞിത്.
വില ഏകീകരണം പാളി
മുമ്പ് മാഞ്ഞൂര്‍ പഞ്ചായത്തധികൃതര്‍ ഇടപെട്ട് പോത്തിറച്ചി വില 340 ആയി ഏകീകരിച്ചിരുന്നു. എന്നാല്‍ ഇതും പിന്നീട് മാറ്റം വന്നു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വിവിധതരം ഇറച്ചികള്‍ക്കു പ്രത്യേകിച്ച് പോത്തിറച്ചിക്കു കൊള്ളവിലയാണ് ഈടാക്കുന്നത്.
ഇക്കാര്യത്തില്‍ കടുത്ത നടപടികളിലേക്കു പഞ്ചായത്തുകളും ജില്ലാ ഭരണകൂടവും കടക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. വില ഏകീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതിന് കോട്ടയത്ത് നവകേരള സദസ് നടക്കുമ്പോള്‍ പരാതി കൊടുക്കുമെന്നും നാട്ടുകാര്‍ പറയുന്നു.
തോന്നുംപോലെ വില
കല്ലറ, മുളക്കുളം, കടുത്തുരുത്തി, ഞീഴൂര്‍, തലയോലപ്പറമ്പ്, ചെമ്പ്, മറവന്തുരുത്ത് തുടങ്ങിയ ജില്ലയിലെ പല പഞ്ചായത്തുകളിലും പല വിലയാണ് ഈടാക്കുന്നത്. 380 മുതല്‍ 420 രൂപ വരെയാണ് തരം പോലെ കച്ചവടക്കാര്‍ ഈടാക്കുന്നത്.
ഉപഭോക്തൃ കോടതിയില്‍നിന്നുള്ള നിര്‍ദേശവും ജില്ലാ കളക്ടറുടെ നിര്ദേശവുമനുസരിച്ചു ജില്ലയിലെ വിവിധ പഞ്ചായത്ത് പ്രദേശങ്ങളില്‍ പോത്തിറച്ചിയുടെ വില ഏകീകരിക്കാനും ന്യായവിലയിലെത്തിക്കാനും ഇടപെടണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍നിന്നു പഞ്ചായത്ത് സെക്രട്ടിമാര്‍ക്ക് മുമ്പ് രേഖാമൂലം കത്ത് നല്‍കിയിരുന്നു.
എന്നാല്‍ ഇതിന്റെ തുടര്‍ച്ചയൊന്നും ഉണ്ടായില്ല. കശാപ്പുശാലകളില്‍ വില എഴുതി പ്രദര്‍ശിപ്പിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിബന്ധകള്‍ പാലിച്ചായിരിക്കണം കശാപ്പു നടത്തേണ്ടതെന്നും പരിശോധന കര്‍ശനമാക്കുമെന്നും നിബന്ധന ലംഘക്കുന്നവര്ക്കെതിരേ നടപടി സ്വീകരിക്കുമെന്നുമൊക്കെയാണ് വ്യവസ്ഥയെങ്കിലും ലൈസന്‍സ് പോലുമില്ലാതെയാണ് പലയിടത്തും കശാപ്പ് പോലും നടക്കുന്നത്.