ഇന്ത്യന്‍ പ്രതിരോധസേനയിലെ ഏറ്റവും കരുത്തരാണ് നാവികസേന. ഡിസംബര്‍ നാലിന് രാജ്യം ദേശീയ നാവികസേന ദിനം ആചരിക്കുന്നു. സേനയുടെ കരുത്തും നേട്ടങ്ങളും എടുത്തുകാട്ടുന്ന ഈ ദിനം ഇന്ത്യയെ സംബന്ധിച്ച് ഏറെ ചരിത്രപ്രാധാന്യമുള്ളതാണ്.
1971 ലെ ഇന്ത്യ-പാകിസ്ഥാന് യുദ്ധത്തോടനുബന്ധിച്ച് നടത്തിയ ഓപ്പറേഷന് ട്രൈഡന്റ് ദിനം കുടിയാണ് ഇന്ന്. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ നടക്കുന്ന ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. നാവികസേനയുടെ യുദ്ധോപകരണങ്ങളും കപ്പലുകളും വിമാനങ്ങളും പൊതുജനങ്ങള്കായി ഇന്ന് പ്രദര്‍ശനത്തിനൊരുക്കിയിട്ടുണ്ട്.
‘ഓപ്പറേഷന് ട്രൈഡന്റ് ‘
1971 ഡിസംബര്‍ മൂന്നിന് പാകിസ്ഥാന് ഇന്ത്യന്‍ നാവികസേന താവളം അക്രമിച്ചു. ഇതിനു തിരിച്ചടിയായി ഇന്ത്യന്‍ നാവികസേന ഡിസംബര്‍ നാലിനും അഞ്ചിനുമായി കറാച്ചിയിലെ പാകിസ്ഥാന് നാവികസേന ആസ്ഥാനം അക്രമിച്ചു. ഐഎന്‍എസ് വീര്‍, ഐഎന്‍എസ് നിപാട്, ഐഎന്‍എസ് നിര്‍ഘട്ട്, വിദ്യുക്ലാസ് ബോട്ട് എന്നീ മിസൈല്‍ ബോട്ടുകളുപയോഗിച്ച് ഇന്ത്യന്‍ സൈന്യം പിഎന്‍എസ് കബിര്‍ ഉള്‍പ്പെടെ പാകിസ്ഥാന്റെ മൂന്ന് യുദ്ധകപ്പലുകള്‍ തകര്‍ത്തു. ഈ തിരിച്ചടിയാണ് ഓപ്പറേഷന് ട്രൈഡന്റ് എന്നറിയപ്പെടുന്നത്.
2023 ലെ ഇന്ത്യന്‍ നാവികസേനദിനത്തിന്റെ തീം
എല്ലാവര്‍ഷവും വ്യത്യസ്ഥങ്ങളായ തീമുകളാണ് ദേശീയ നാവികസേന ദിനാഘോഷങ്ങള്‍ക്കായി തിരഞ്ഞെടിക്കുന്നത്. ഇത്തവണ നാവികസേനയുടെ പ്രവര്‍ത്തന കാര്യക്ഷമത,സന്നദ്ധത, ദൗത്യ പൂര്‍ത്തീകരണം, സമുദ്ര മേഖല, എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട തീമുകള്‍.1971 ലെ ഇന്റോ പാക്കിസ്ഥാന് യുദ്ധത്തിന്റെ 50 ആം വിജയ അനുസ്മരണത്തോടനുബന്ധിച്ച് ‘സ്വര്‍ണിം വിജയ്വര്ഷ്’ ആയിരുന്നു 2022 ലെ തീം.
ഓപ്പറേഷണല്‍ ഡെമോണ്സ്ട്രേഷന്
എംഐജി-29 കെ, എല്‍സിഎയും എല്സിഎസും ഉള്‍പ്പടെ 20 യുദ്ധ കപ്പലുകളും 40 യുദ്ധവിമാനങ്ങളുമാണ് ഡെമോണ്‍സ്ട്രേഷന്റെ പ്രധാന ആകര്‍ഷണം. അക്രമണത്തിന്റെ രീതികളും യുദ്ധമുറകളും നേവല്‍ കമാന്റോകൾ കാഴ്ചവയ്ക്കും. ഇത് ആദ്യമായാണ് പ്രധാനപ്പെട്ട ഒരു നാവിക സേന ക്യാമ്പിലല്ലാതെ നാവികസേന ദിനം ആഘോഷിക്കുന്നത്.
നാവികസേന ദിനം ആഘോഷങ്ങള്‍ എങ്ങനെ ?
ഡിസംബര്‍ നാലിന് രാജ്യത്തെ എല്ലാ നാവികസേന കേന്ദ്രങ്ങളിലും ആഘോഷങ്ങള്‍ സംഘടിപ്പിക്കും. നാവികസേനയുടെ സേവനത്തിന് രാജ്യം സേനയെ ആദരിക്കുന്ന ദിനമാണ് ഡിസംബര്‍ നാല്.
പരേഡുകള്‍, ഓപ്പറേഷന് മാതൃകകള്‍, നാവികസേന ഉപകരണങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും പ്രദര്‍ശനവും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷയ്ക്കും അഭിമാനത്തിനുമായി ജീവന് ത്യജിച്ച നാവികസേന ഉദ്യോഗസ്ഥരെയും ഇന്ന് രാജ്യം ആദരിക്കും.