കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയായ അഭിഭാഷകന് പി. ജി. മനു നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചോറ്റാനിക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
പരാതിക്കാരി ആരോപിക്കുന്ന വിധത്തിലുള്ള കുറ്റകൃത്യം ഉണ്ടായിട്ടില്ല. ജോലി സംബന്ധമായ ശത്രുതയെ തുടര്‍ന്ന് ചിലരുടെ ആസൂത്രിതമായ ശ്രമഫലമായി ഉണ്ടായ കേസാണെന്നാണ് മനസിലാവുന്നത്. യുവതി നല്‍കിയത് വ്യാജ മൊഴിയാണ്. തന്റെ അന്തസും സല്‍പ്പേരും തകര്‍ക്കാന്‍ വേണ്ടി പരാതിക്കാരിയുമായി ചേര്‍ന്ന് ചിലര്‍ നടത്തിയ ആസൂത്രിത ശ്രമമാണിത്.
ഇതിന്റെ ഭാഗമായാണ് തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത്. ഇത്തരമൊരു ആരോപണം തന്റെ തൊഴില്‍ ജീവിതത്തേയും കുടുംബ ജീവിതത്തേയും മോശമായ രീതിയില്‍ ബാധിച്ചിരിക്കുകയാണെന്നാണ് ഹര്‍ജിയിലുള്ളത്.
എറണാകുളം സ്വദേശിയായ 25കാരിയാണ് ഇയാള്‍ക്കെതിരേ ചോറ്റാനിക്കര പോലീസില്‍ പരാതി നല്‍കിയത്. 2023 ഒക്ടോബര്‍ 11 ന് ആയിരുന്നു ഇയാള്‍ യുവതിയെ ആദ്യം പീഡിപ്പിച്ചത്. അഞ്ചു വര്‍ഷം മുമ്പുണ്ടായ ഒരു പീഡനക്കേസിലെ ഇരയായ യുവതി നിയമസഹായം തേടിയാണ് അഡ്വ. മനുവിനെ സമീപിച്ചത്.
പോലീസ് നിര്‍ദേശപ്രകാരമായിരുന്നു അഭിഭാഷകനെ കണ്ടത്. ഇയാളുടെ കടവന്ത്രയിലെ ഓഫീസില്‍ മാതാപിതാക്കളോടൊപ്പം എത്തിയ യുവതിയെ മാതാപിതാക്കളെ പുറത്താക്കിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതിയിലുള്ളത്.
അതിനുശേഷവും മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് യുവതിയുടെ വീട്ടിലെത്തി ഇയാള്‍ വീണ്ടും ബലാത്സംഗം ചെയ്തു. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചതായും പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് സീനിയര്‍ ഗവണ്മെന്റ് പ്ലീഡറായിരുന്ന മനുവിനെ പുറത്താക്കി. ഇയാളില്‍ നിന്നും അഡ്വക്കേറ്റ് ജനറല്‍ രാജിക്കത്ത് എഴുതി വാങ്ങുകയായിരുന്നു.