മെഡിക്കൽ കോളജ്/വെഞ്ഞാറമൂട് : തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ. സർജറി വിഭാഗം പി ജി വിദ്യാർഥിനി ഡോ. ഷഹാനയാണ് മരിച്ചത്. വെഞ്ഞാറമൂട് മൈത്രി നഗർ ജാസ് മൻസിലിൽ അബ്ദുൽ അസീസ് -ജമീല ദമ്പതികളുടെ മകളാണ്.
ഇന്നലെ രാത്രി 11.30-നോടടുത്താണ് സംഭവം എന്ന് കരുതുന്നു. മെഡിക്കൽ കോളജിനടുത്ത് ഒരു ഫ്ലാറ്റിലാണ് ഡോക്ടർ താമസിച്ചുവന്നിരുന്നത്. അനസ്തേഷ്യ വിഭാഗത്തിലെ ഒരു സുഹൃത്ത് ചൊവ്വാഴ്ച രാവിലെ ഷഹാനയുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.
തുടർന്ന് ഫ്ലാറ്റിലെ ഒരാളോട് നേരിട്ട് അന്വേഷിക്കാൻ പറയുകയായിരുന്നു. മുട്ടി വിളിച്ചിട്ടും കതക് തുറക്കാതായതോടുകൂടിയാണ് വിവരം മെഡിക്കൽ കോളജ് പോലീസിൽ അറിയിച്ചത്.
പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് കട്ടിലിൽ അബോധാവസ്ഥയിൽ കിടക്കുന്ന ഡോക്ടറെ കണ്ടെത്തിയത്. ഡോക്ടറുടെ മരണം ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്.
പോലീസ് നടത്തിയ പരിശോധനയിൽ ഷഹാനയുടെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പിന് സമാനമായ ഒരു കത്ത് കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.