പത്തനംതിട്ട: തമിഴ്നാട്ടിലെ മോശം കാലാവസ്ഥ കാരണം ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കിയ സാഹചര്യത്തില്‍ ശബരിമല തീര്‍ഥാടകരായ അയ്യപ്പഭക്തരുടെ സൗകര്യാര്‍ഥം കെഎസ്ആര്‍ടിസി കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തും.
ചെന്നൈയിലേക്കുള്പ്പെടെ സര്‍വീസുകള്‍ പമ്പയില്‍ നിന്നും ചെങ്ങന്നൂരില്‍ നിന്നുമായി ഓപ്പറേറ്റ് ചെയ്യാനാണ് ആലോചന. ശബരിമല ദര്‍ശനത്തിനുശേഷം മടങ്ങിയെത്തി ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയ തീര്‍ഥാടകരുടെ സൗകര്യാര്‍ഥം കോട്ടയം വഴി കുമളിയിലേക്കും പാലക്കാട്ടേക്കും ഇന്നലെ അഞ്ച് അധിക സര്‍വീസുകള്‍ നടത്തി. ചെന്നൈയിലേക്കും ഇന്നലെ ഒരു ബസ് അയച്ചു.
കേരള, ചെന്നൈ മെയില്‍, ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, ശബരി ഉള്‍പ്പെടെ പ്രതിദിന ട്രെയിനുകളും ശബരിമല സ്പെഷലുകളും അടക്കം 14 ട്രെയിന്‍ സര്‍വീസുകളാണ് റെയില്‍വേ റദ്ദാക്കിയത്. ഇവയില്‍ ടിക്കറ്റെടുത്ത യാത്രക്കാരാണ് ചെങ്ങന്നൂര്‍, കോട്ടയം റെയില്‍വേ സ്റ്റേഷനുകളിലായി കുടുങ്ങിയത്.