സ്വന്തം ലേഖകന്
കോഴിക്കോട്: വീട്ടിലിരുന്ന് ജോലി ചെയ്ത് പണം സമ്പാദിക്കാം… എന്ന പേരിൽ നടക്കുന്ന തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പുമായി പോലീസ്.വീട്ടിലിരുന്ന് പണം സമ്പാദിക്കാം. അല്ലെങ്കിൽ ചെയ്യുന്ന തൊഴിലിനോടൊപ്പം കൂടുതൽ നേരം ജോലി ചെയ്ത് അധിക വരുമാനം ഉണ്ടാക്കാം എന്നൊക്കെയുള്ള പരസ്യങ്ങൾ നാം ധാരാളം കാണാറുണ്ട്. എന്നാൽ ഇതിൽ പലതും തട്ടിപ്പ് ആയിരിക്കും എന്നതാണ് സത്യമെന്ന് പോലീസ് പറയുന്നു.
ജോലി അവസരങ്ങൾ ഇന്റർനെറ്റിൽ തെരയുന്നവരുടെയും പണത്തിന് ആവശ്യമുള്ളവരുടെയും വിവരങ്ങൾ ശേഖരിക്കുകയാണ് തട്ടിപ്പിന്റെ ആദ്യപടി. തുടർന്ന് അവരെ ബന്ധപ്പെട്ട് ഇത്തരത്തിൽ വാഗ്ദാനങ്ങൾ നൽകുന്നു. ഇതിൽ വീഴുന്നവരുടെ കൈയിൽ നിന്ന് ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങളും സ്വകാര്യ വിവരങ്ങളും വാങ്ങുകയോ രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ തുക ആവശ്യപ്പെടുകയോ ചെയ്യുന്നു.
ചില അവസരങ്ങളിൽ എന്തെങ്കിലും ജോലി നൽകുമെങ്കിലും പ്രതിഫലമായി വളരെ കുറഞ്ഞ തുക നൽകുകയോ പണം നൽകാതിരിക്കുകയോ ചെയ്യുന്നു. നിതാന്തജാഗ്രത പുലർത്തിയാൽ മാത്രമേ ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂ. തൊഴിൽ നൽകുന്ന സ്ഥാപനത്തിന്റ വിശദവിവരങ്ങൾ ശേഖരിച്ച് അത് ഇന്റർനെറ്റിൽ അന്വേഷിക്കണമെന്ന് പോലീസ് നിർദേശിച്ചു.
സ്ഥാപനത്തിന്റെ സ്ഥലം മനസിലാക്കി ഗൂഗിൾ മാപ്പ് വഴി അങ്ങനെ ഒരു ഓഫീസ് ഉണ്ടോയെന്ന് മനസിലാക്കണം. ഇതൊക്കെയാണ് സ്ഥാപനത്തിന്റെ ആധികാരികത മനസിലാക്കാനുള്ള വഴി. സ്ഥാപനത്തിന്റെ പേര് ഇന്റർനെറ്റിൽ തെരയുമ്പോൾ നിങ്ങൾ വ്യാജ വെബ്സൈറ്റിലേക്ക് നയിക്കപ്പെടാൻ സാധ്യതയുണ്ടെന്നു മനസിലാക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്കുന്നു.