കോഴിക്കോട്: മുസ്ലിം ലീഗിനെ യുഡിഎഫില്‍ നിന്ന് അടര്‍ത്തിമാറ്റാനുള്ള ശ്രമം സിപിഎം തുടര്‍ന്നുകൊണ്ടിരിക്കുന്നതിനിടെ ലീഗ് യുവജനസംഘടന നടത്തുന്ന യുവ ഭാരത് പദയാത്രയില്‍ പങ്കെടുക്കാനുള്ള താല്പര്യം പ്രകടിപ്പിച്ച് സിപിഎം യുവജനസംഘടനയും.
“ഏട്ടന്മാര്’ കാണിച്ച വഴിയേതന്നെ ലീഗ് മൃദുസമീപനപാതയില് സഞ്ചരിക്കാനുള്ള തീരുമാനത്തിലാണ് ഡിവൈഎഫ്യെയും. ജനുവരി 26ന് കാഷ്മീരില്നിന്നാണ് യാത്ര ആരംഭിക്കുന്നത്.കേന്ദ്രസർക്കാരിന്റെ യുവജനങ്ങളോടുള്ള അവഗണനയ്ക്കും തൊഴിലില്ലായ്മയ്ക്കുമെതിരേയാണ് യൂത്ത് ലീഗ് നടത്തുന്ന പദയാത്രയില്‍ പങ്കെടുക്കാനുള്ള താല്പര്യം ഡിവൈഎഫ്ഐ നേതാക്കള്‍ പ്രകടിപ്പിച്ചുകഴിഞ്ഞു.
ക്ഷണിച്ചാല്‍ പങ്കെടുക്കുന്ന കാര്യം ആലോചിക്കുമെന്നായിരുന്നു ഡിവൈഎഫ്ഐ നേതാക്കളുടെ പ്രതികരണം. കേന്ദ്ര നയങ്ങള്‍ക്കെതിരേ വിവിധ യുവജന സംഘടനകള്‍ നടത്തുന്ന സമരങ്ങളെ ഡിവൈഎഫ്ഐ സ്വാഗതം ചെയ്യുകയാണെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, പ്രസിഡന്റ് വി.വസീഫ് എന്നിവര്‍ അറിയിച്ചത്.
കേന്ദ്രനയങ്ങള്‍ക്കെതിരേ യുവജനസംഘടനകള്‍ സമരവും പദയാത്രയും നടത്തുന്നത് ആദ്യമല്ല. ഇതുവരെ യൂത്ത് ലീഗോ -ഡിവൈഎഫ്ഐയോ ഒരുമിച്ച് ഒരു വിഷയത്തിലും സമരമുഖത്ത് എത്തിയിട്ടുമില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടി ചര്‍ച്ചയാക്കുകയാണ് ഡിവൈഎഫ്ഐയുടെ യൂത്ത് ലീഗ് മൃദുസമീപനം.
അതേസമയം “യുവഭാരത്’ യാത്രയുടെ ഭാഗമായ പൊതുവേദികളിലേക്ക് ഡിവൈഎഫ്ഐയെ ക്ഷണിക്കുന്നകാര്യത്തില് യൂത്ത് ലീഗ് തീരുമാനമെടുത്തിട്ടില്ല. യുഡിഎഫിന്റെ ഭാഗമായ മുസ്ലിം ലീഗ് ഇടതുമുന്നണിയോട് അടുക്കുന്നെന്ന ചര്‍ച്ചകള്‍ക്കിടെയാണ് യുവഭാരത് യാത്രയും വാര്‍ത്തകളില്‍ നിറയുന്നത്.
ഡിവൈഎഫ്ഐയെ ക്ഷണിക്കുന്നതിനു മുതിര്‍ന്ന ലീഗ് നേതാക്കളുടെ മൗനാനുവാദമുണ്ടെന്നും സൂചനയുണ്ട്. ഇന്ത്യ പ്രതിപക്ഷ സഖ്യത്തിലെ പാര്‍ട്ടികളുടെ യുവജന സംഘടനകളെയെല്ലാം യാത്രയുമായി സഹകരിപ്പിക്കാന്‍ തീരുമാനിച്ചെന്നും ഇക്കൂട്ടത്തില്‍ സിപിഎമ്മിനോടോ സിപിഐയോടെ അകല്ച്ചവേണ്ടെന്നാണ് യൂത്ത് ലീഗിലെ ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്.
സിപിഎം സംഘടിപ്പിച്ച പലസ്തീന് ഐക്യദാര്ഢ്യവേദികളിലേക്കു ക്ഷണമുണ്ടായിരുന്നെങ്കിലും മുസ്ലിം ലീഗ് നേതാക്കള്‍ പങ്കെടുത്തിരുന്നില്ല. എങ്കിലും ലീഗിനെ നോവിക്കാത്ത നിലപാടാണ് രാഷ്ട്രീയ വിഷയങ്ങളില്‍ ഉള്‍പ്പെടെ സിപിഎം ഇപ്പോള്‍ സ്വീകരിച്ചുപോരുന്നത്.
ഇ. അനീഷ്