കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിന് മുമ്പ് അവർക്കായി ചോദ്യാവലി തയാറാക്കി ക്രൈംബ്രാഞ്ച്. ഓയൂരിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയത് മുതൽ പ്രതികൾ തെങ്കാശിയിൽ പിടിയിലായത് വരെയുള്ള സംഭവവികാസങ്ങൾ കോർത്തിണക്കിയാണ് ചോദ്യാവലി തയാറാക്കിയിട്ടുള്ളത്. ചോദ്യം ചെയ്യൽ പൂർണമായും റെക്കോർഡ് ചെയ്യും.
റൂറൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് തന്നെയായിരിക്കും ചോദ്യം ചെയ്യൽ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഒപ്പം വിശദമായ തെളിവെടുപ്പുകളും നടത്തേണ്ടതുണ്ട്.
പ്രതികളായ കുടുംബം താമസിക്കുന്ന ചാത്തന്നൂർ മാമ്പള്ളിക്കുന്നത്തെ വീട്ടിലെ തെളിവെടുപ്പ് അന്വേഷണ സംഘത്തെ സംബന്ധിച്ച് ഏറെ നിർണായകമായിരിക്കും. കുട്ടിയെ താമസിപ്പിച്ചത് ഈ വീട്ടിലാണെന്നാണ് പ്രതികളുടെ മൊഴി. ഈ വീട്ടിൽ ഇവരെ കൂടാതെ വേറെയും ചിലർ കൂടി ഉണ്ടായിരുന്നതായി കുട്ടിയും മൊഴി നൽകിയിട്ടുണ്ട്.
കുട്ടിക്ക് ഉറങ്ങാൻ ഗുളിക നൽകിയത് ആര്? കുട്ടിയുടെ സ്കൂൾ ബാഗിന് എന്ത് സംഭവിച്ചു, കുട്ടിയുടെ സഹോദരന് കൈമാറാൻ സംഘം കരുതിയിരുന്ന കുറിപ്പ് എവിടെ തുടങ്ങിയ ചോദ്യങ്ങൾക്ക് വീട്ടിലെ തെളിവെടുപ്പിൽ വ്യക്തത വരുമെന്നാണ് ക്രൈംബ്രാഞ്ച് പ്രതീക്ഷിക്കുന്നത്.
കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ഇവർ ഉപയോഗിച്ച കാറും വീട്ടിൽ കിടപ്പുണ്ട്. കാറിൽ ശാസ്ത്രീയ പരിശോധന നടത്തേണ്ടതുണ്ട്. വ്യാജ നമ്പർ പ്ലേറ്റും കണ്ടെത്തണം. കുട്ടിയെ ഈ വീട്ടിൽ അല്ലാതെ മറ്റ് എവിടെയെങ്കിലും കൊണ്ടുപോയോ എന്നതും ക്രൈംബ്രാഞ്ചിന് അറിയേണ്ട കാര്യമാണ്. തട്ടിക്കൊണ്ട് പോകലിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതും ക്രൈം ബ്രാഞ്ചിന്റെ വലിയ ചോദ്യങ്ങളിൽ ഒന്നാണ്.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിന് മുന്നോടിയായി പ്രൊഡക്ഷൻ വാറന്ഡ് പുറപ്പെടുവിക്കുന്നതിനുള്ള അന്വേഷണ സംഘത്തിന്റെ അപേക്ഷ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കും എന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ നാളെ തന്നെ പ്രതികളെ കസ്റ്റഡിയിൽ ലഭിക്കും എന്നാണ് കരുതുന്നത്.
പ്രതികൾ തെങ്കാശിയിൽ കസ്റ്റഡിയിലാകുമ്പോൾ അവരുടെ കൈവശം ഉണ്ടായിരുന്ന ഫോൺ, ലാപ് ടോപ്പ് എന്നിവ പോലീസ് പിടിച്ചെടുത്തിരുന്നു. സൈബർ വിദഗ്ധരുടെ സഹായത്തോടെ ഇവയിൽ കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തുന്നതിനുള്ള ശ്രമങ്ങളും ക്രൈംബ്രാഞ്ച് ആരംഭിച്ച് കഴിഞ്ഞു.
അതേ സമയം പ്രതി പദ്മകുമാറിന്റെ പോളച്ചിറയിലെ ഫാം ഹൗസ് ജീവനക്കാരി ഷീബയുടെ ഭർത്താവ് ഷാജി, ഇയാളുടെ അനുജൻ ബിജു എന്നിവരെ ആക്രമിച്ച നാലു പേരെ പരവൂർ പോലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവത്തിന് കുട്ടിയെ തട്ടിക്കൊണ്ട് പോകലുമായി ബന്ധമില്ല എന്നാണ് പരവൂർ പോലീസ് പറയുന്നത്.
സംഘം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയ്ക്ക് കടന്നുപോകാൻ ഷാജിയുടെ ബൈക്ക് മാറ്റിക്കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കം ആക്രമണത്തിൽ കലാശിച്ചു എന്നാണ് പോലീസ് ഭാഷ്യം.
ഷീബയ്ക്ക് എതിരേ ഫോണിൽ വധഭീഷണി ഉണ്ടായെന്ന പരാതിയിലും പരവൂർ പോലീസ് അന്വേഷണം നടത്തി. ഫോൺ വിളിച്ചെന്ന് പരാതിയിൽ പറയുന്ന ചാത്തന്നൂർ സ്വദേശിയെ ചോദ്യം ചെയ്തു. ഫോൺ വിളിച്ച കാര്യം ഇയാൾ സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഭീഷണിപ്പെടുത്തിയിട്ടില്ല എന്നാണ് ഇയാൾ പറയുന്നത്.
പോലീസ് ഈ പരാതിയിൽ ഇന്നലെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഫോൺ വിളിയുടെ വിശദാംശങ്ങൾ അറിയാൻ ശാസ്ത്രീയ പരിശോധന നടത്താനാണ് പോലീസ് തീരുമാനം.
എസ്.ആർ. സുധീർ കുമാർ