രാമപുരം: മരച്ചീനി കര്‍ഷകര്‍ക്കു പുതിയ വെല്ലുവിളിയുമായി ഫംഗസ് രോഗം. രാമപുരം പഞ്ചായത്തിലെ മരച്ചീനി കൃഷിയാണ് ഫംഗസ് രോഗം മൂലം നശിച്ചു പോകുന്നത്.
മരച്ചീനിയുടെ തണ്ടിന്റെ അടിഭാഗത്തു പടരുന്ന ഫംഗസ് പതിയെ ചെടിയെ മുഴുവന്‍ ബാധിച്ച് കിഴങ്ങടക്കം ചീഞ്ഞ് അഴുകിപോകുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ രോഗം ബാധിച്ചിരുന്നെങ്കിലും ആദ്യമായിട്ടാണ് ഇത്രയും വ്യാപകമായി കൃഷി നശിച്ചത്.
രാമപുരം പഞ്ചായത്തില്‍ ഹെക്ടര്‍ കണക്കിന് മരച്ചീനിയാണ് ഫംഗസ് ബാധയിൽ നശിക്കുന്നത്. മരച്ചീനിയുടെ വിളവെടുപ്പ് അടുക്കാറായപ്പോള്‍ സംഭവിച്ച തിരിച്ചടി മൂലം കര്‍ഷകര്‍ നിരാശയിലാണ്.
കടം വാങ്ങി കൃഷിയിറക്കിയ കര്‍ഷകരില്‍ പലരും കടക്കെണിയിലാക്കിയിരിക്കുകയാണ്. പ്രകൃതിക്ഷോഭത്തില്‍ കൃഷി നശിച്ചാല്‍ മാത്രമേ സര്‍ക്കാരില്‍നിന്നു ധനസഹായം ലഭിക്കുകയൊള്ളു എന്നാണ് അധികാരികള്‍ നല്കുന്ന വിവരമെന്ന് കര്‍ഷകര്‍ പറയുന്നു.
അരുണ്‍ തോമസ് കോലത്ത്, ജിന്നി തോമസ് വടക്കേക്കുറ്റ്, ജോബി തച്ചൂര്, ബിജു മേതിരി, സാബു കൊച്ചുപറമ്പില്‍, അര്ജുന് വല്ലേല്‍, വേണു മാരാത്ത് എന്നിവരുടെ കൃഷിയും, രാമപുരം ഫൊറോന പള്ളിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സമൃതി കര്ഷകദളത്തിലെ കര്‍ഷകരായ ജോബി പുളിക്കീല്‍, ടോമി പുളിക്കച്ചാലില്, ഫ്രാന്‍സീസ് മേലേവീട്ടില്‍, വര്‍ഗീസ് കരിങ്ങോട്ടുമലയില് എന്നിവര്‍ ഒന്നിച്ച് കൃഷിചെയ്ത മൂന്ന് ഏക്കര്‍ സ്ഥലത്തെ മരച്ചീനി കൃഷിയുമാണ് മുഴുവനായും നശിച്ചുപോയത്.
എത്രയും പെട്ടെന്ന് അധികാരികള്‍ ഫംഗസ് രോഗത്തെ നിയന്ത്രിക്കുവാനുള്ള വഴികള്‍ കണ്ടെത്തണമെന്നും നഷ്ടം സംഭവിച്ചവർക്ക് ഉടന്‍ തന്നെ നഷ്ടപരിഹാരം നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.