കോട്ടയം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കംകുറിച്ച് ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിക്കാന്‍ ബിജെപി. ഇന്നലെ കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിലാണു സുപ്രധാന തീരുമാനങ്ങള്‍.
ബിജെപി സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ പദയാത്ര നടത്തും. ജില്ലാ, നിയോജകമണ്ഡലങ്ങളില്‍ കണ്‍വന്‍ഷനുകളും സംഘടിപ്പിക്കുവാന്‍ യോഗത്തില്‍ തീരുമാനമായതായി ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു.
20 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ എല്ലാ ക്രൈസ്തവ ഭവനങ്ങളും സന്ദര്‍ശിച്ച് ക്രിസ്മസ് സന്ദേശം കൈമാറുന്നതിനൊപ്പം സൗഹൃദം പുതുക്കുകയും ചെയ്യും. സ്നേഹയാത്രയെന്നു പേരിട്ടിരിക്കുന്ന ഭവനസന്ദര്‍ശനം കഴിഞ്ഞവര്‍ഷം നടത്തിയ പരിപാടിയുടെ തുടര്‍ച്ചയാണ്.
എല്ലാ ജില്ലാ ആസ്ഥാനങ്ങളില്‍ ജില്ലാ കണ്‍വന്‍ഷനും നിയോജകമണ്ഡലങ്ങളില്‍ നിയോജകമണ്ഡലം കണ്‍വന്‍ഷനും സംഘടിപ്പിക്കും. സംസ്ഥാന നേതാക്കള്‍ നേതൃത്വം നല്കുന്ന കണ്‍വന്‍ഷനുകളില്‍ പരാമവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുന്നതിനൊപ്പം പൗരപ്രമുഖരെയും ഉള്‍പ്പെടുത്തും.
തെരഞ്ഞെടുപ്പിന്റെ പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 20 പാര്‍ലമെന്റ് മണ്ഡലങ്ങളെയും ഉള്‍പ്പെടുത്തി സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രന് നടത്തുന്ന പദയാത്രയില്‍ ഓരോസമയങ്ങളിലും 25,000 പ്രവര്‍ത്തകര്‍ ഒപ്പമുണ്ടാകും.
കേന്ദ്രനേതാക്കള്‍ക്കൊപ്പം സമൂഹത്തിലെ പ്രമുഖവ്യക്തിത്വങ്ങളെയും യാത്രയില്‍ പങ്കാളികളാക്കും. പദയാത്രയ്ക്കൊപ്പം ദേശീയ ജനാധിപത്യസംഖ്യം വിപുലീകരിക്കുകയും ചെയ്യും. പല പ്രമുഖ പാര്‍ട്ടികളുമായും ഇതിനോടകം ചര്‍ച്ച നടത്തിയെങ്കിലും നടപടികള്‍ വൈകാതെയുണ്ടാകും.
പി.സി. ജോര്‍ജ് നേതൃത്വം നല്കുന്ന കേരള ജനപക്ഷ സെക്കുലര്‍ പാര്‍ട്ടി നിലവില്‍ എന്‍ഡിഎയില്‍ ഇല്ലെങ്കിലും ആശയപരമായി മുന്നണിയുമായി യോജിച്ചാണു പോകുന്നതെന്നും എം.ടി. രമേശ് പറഞ്ഞു. പത്രസമ്മേളനത്തില്‍ ബിജെപി സംസ്ഥാന വക്താവ് നാരായണന് നമ്പൂതിരി, കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ എന്നിവരും പങ്കെടുത്തു.