കോഴിക്കോട്: ഫാറൂഖ് കോളജ് മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ ജിയോ ബേബി. സിനിമാ ചർച്ചയുമായി ബന്ധപ്പെട്ട് ഡിസംബർ അഞ്ചാം തിയതി കോഴിക്കോട് ഫാറൂഖ് കോളേജ് ഫിലിം ക്ലബ് സംഘടിപ്പിച്ച പരിപാടിയിൽ തന്നെ അതിഥിയായി വിളിച്ചിരുന്നു.
എന്നാൽ താൻ കോഴിക്കോടെത്തിയപ്പോഴാണ് ആ പരിപാടി റദ്ദ് ചെയ്ത കാര്യം അറിയുന്നത്. കോളേജ് അധികൃതർ ഇതു സംബന്ധിച്ചു യാതൊരു മുന്നറിയിപ്പും അറിയിച്ചിരുന്നില്ല. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതികരണമറിയിച്ച വീഡിയോ ജിയോ ബേബി പങ്കുവെച്ചു.
തന്റെ ചില പരാമർശങ്ങൾ കോളജിന്റെ ധാർമിക മൂല്യങ്ങൾക്കെതിരാണെന്ന കാരണത്താലാണ് സ്റ്റുഡന്റ് യൂണിയൻ നിസഹകരണം പ്രഖ്യാപിച്ചതെന്ന് ജിയോ ബേബി പറഞ്ഞു.
ജിയോ ബേബിയുടെ വാക്കുകൾ
എനിക്ക് ഉണ്ടായ മോശം അനുഭവത്തെ പറ്റി സംസാരിക്കാനാണ് ഞാൻ വന്നത്. ഡിസംബർ അഞ്ചാം തീയതി ഫാറൂഖ് കോളേജ് ഫിലിം ക്ലബ് സംഘടിപ്പിക്കുന്ന പരിപാടിയിൽ എന്നെ അവർ ക്ഷണിച്ചിരിക്കുന്നു. അതനുസരിച്ച് അഞ്ചാം തിയതി ഞാൻ കോഴിക്കോട് എത്തി. അവിടെ എത്തിയതിന് ശേഷമാണ് ഞാൻ അറിയുന്നത് ഈ പരിപാടി അവർ ക്യാൻസൽ ചെയ്തെന്ന്.
പരിപാടി കോഡിനേറ്റ് ചെയ്യുന്ന ടീച്ചറാണ് എന്നെ വിളിച്ച് കാര്യം പറയുന്നത്. അവർക്കും വളരെ വേദന ഉണ്ടായി. എന്താണ് കാരണം എന്ന് ചോദിക്കുമ്പോൾ, വ്യക്തമായ കാരണം മനസിലാകുന്നില്ല. സോഷ്യൽ മീഡിയയിൽ വരെ പോസ്റ്റർ റിലീസ് ചെയ്തതാണ്. അങ്ങനെ ഒരു പരിപാടി പെട്ടെന്ന് റദ്ദാക്കിയത് കൊണ്ട് ഞാൻ പ്രിൻസിപ്പലിന് ഈ മെയിൽ ആയച്ചു.
പരിപാടി ക്യാൻസൽ ചെയ്യാനുള്ള കാരണം ചോദിച്ചായിരുന്നു ഇത്. പ്രിൻസിപ്പളിന്റെ വാട്സാപ്പിലും മെസേജ് അയച്ചു. അതിന് ഇതുവരെ മറുപടി ഇല്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് ഫറൂഖ് കോളേജിലെ സ്റ്റുഡൻസ് യൂണിയന്റെ ഒരു കത്ത് എനിക്ക് ലഭിച്ചു.”ഫാറൂഖ് കോളേജ് പ്രവർത്തിച്ച് വരുന്ന ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിച്ചേരുന്ന ഉദ്ഘാടനകന്റെ പരാമർശങ്ങൾ, കോളേജിന്റെ ധാർമിക മൂല്യങ്ങൾക്ക് എതിരാണ്. അതിനാൽ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് വിദ്യാർത്ഥി യൂണിയൻ സഹകരിക്കുന്നതല്ല”, എന്നാണ് അതിൽ എഴുതിയിരിക്കുന്നത്. അതായത് എന്റെ ധാർമിക മൂല്യങ്ങൾ പ്രശ്നമാണെന്നാണ് സ്റ്റുഡൻസ് യൂണിയൻ പറയുന്നത്.
മാനേജ്മെന്റ് എന്തുകൊണ്ടാണ് പരിപാടി ക്യാൻസൽ ചെയ്തത് എന്ന് എനിക്ക് അറിയേണ്ടതുണ്ട്. ഈ പരിപാടിക്ക് വേണ്ടി ഒരുദിവസത്തോളം യാത്ര ചെയ്തിട്ടുണ്ട്. അതിനെക്കാൾ ഉപരി ഞാൻ അപമാനിതൻ ആയിട്ടുണ്ട്. അതിനുള്ള ഉത്തരം എനിക്ക് കിട്ടണം.
ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമപരമായ നടപടി ഞാൻ സ്വീകരിക്കുന്നതായിരിക്കും. ഇത്തരത്തിൽ ഒരു പ്രതിഷേധം അറിയിച്ചില്ലെങ്കിൽ അത് ശരിയല്ല. എനിക്കുണ്ടായ അനുഭവം മാത്രമല്ല, നാളെ ഇങ്ങനെയൊരു അനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കാനും കൂടി വേണ്ടിയാണ് ഈ വീഡിയോ ഇടുന്നത്. എന്റെ പ്രതിഷേധം ആണിത്. ഇത്തരം വിദ്യാർത്ഥി യൂണിയൻ എന്ത് തരം ആശയമാണ് മുന്നോട്ട് വയ്ക്കുന്നത് എന്ന് കൂടെ അറിയാൻ ഞാൻ ബാധ്യസ്ഥനാണ്.