ബെയ്ജിംഗ്: അധ്യാപകർ കുട്ടികളോട് ഇടപെടേണ്ട രീതിയെക്കുറിച്ച് ധാരാളം ചർച്ചകൾ നടന്നിട്ടുണ്ട്. കുട്ടികളെ തല്ലുന്നതും പരിഹസിക്കുന്നതുമൊക്കെ വിലക്കിയിട്ടുമുണ്ട്. അധ്യാപകർ പിന്നെ എന്തു മാർഗമാണു കുട്ടികളെ പഠിപ്പിക്കാൻ സ്വീകരിക്കണ്ടത്. ഇതിന് ഉത്തമമായ മാതൃക കാണിച്ചുതരികയാണ് ചൈനയിലെ ഒരു സ്കൂളിലെ അധ്യാപകർ.
വിദ്യാർഥികൾക്ക് പരീക്ഷാ പേപ്പറുകൾ വിതരണം ചെയ്തപ്പോൾ അധ്യാപകർ അതിൽ കുറിച്ച വരികളാണ് ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നത്. വെരി ഗുഡ്, ഗുഡ്, ആവറേജ്, പുവർ എന്നൊക്കെയുള്ള ക്ലീഷേ വാക്കുകൾക്കു പകരം “എത്രയും പ്രിയപ്പെട്ട…’ എന്ന സംബോധനകൾ ചേർത്ത് വളരെ വൈകാരികമായാണ് പരീക്ഷാ പേപ്പറിൽ അധ്യാപകർ കുറിപ്പെഴുതിയത്.
100 ൽ 95.5 പോയിന്റ് നേടിയ ഒരു വിദ്യാർഥിക്കായി അധ്യാപകൻ കുറിച്ചത് ഇങ്ങനെ: “പ്രിയപ്പെട്ട കൂട്ടുകാരാ, ഞാൻ നിങ്ങൾക്ക് ഒരു ചെറിയ പുഷ്പം അയയ്ക്കുന്നു, അഹങ്കരിക്കരുത്..!’ ഇതിനൊപ്പം വിദ്യാർഥിക്ക് പുഷ്പം നൽകുന്ന കൈകൊണ്ട് വരച്ച ഒരു ചിത്രവും കൂടിയുണ്ടായിരുന്നു. ശരാശരി 82.5 പോയിന്റുള്ള മറ്റൊരു വിദ്യാർഥിക്ക് പുഞ്ചിരിച്ച മുഖത്തിന്റെ ചിത്രത്തിനൊപ്പം എഴുതി നൽകിയ സന്ദേശം ഇങ്ങനെ: “സന്തോഷം തോന്നുന്നു, നല്ലകാര്യം, ഇതുപോലെ പരിശ്രമിക്കുന്നത് തുടരുക’.
ശരാശരിയിൽ കുറവ് മാർക്ക് നേടിയവരോടും സ്നേഹത്തോടെയും കരുതലോടെയുമായിരുന്നു അധ്യാപകരുടെ പെരുമാറ്റം. കണ്ണീർ പൊഴിക്കുന്ന ചിത്രം വരച്ചുകൊണ്ട് അധ്യാപകരിൽ ചിലർ കുറിച്ചത്, “പ്രിയപ്പെട്ട സുഹൃത്തേ നിങ്ങളുടെ മാർക്ക് എന്നെ വിഷമിപ്പിച്ചു, പക്ഷെ നിരാശ വേണ്ട, കൂടുതൽ നേടാൻ നിനക്ക് തീർച്ചയായും ശേഷിയുണ്ടെന്ന് എനിക്കറിയാം’.
ഈ രീതി കുട്ടികളും അധ്യാപകരും തമ്മിൽ ശക്തമായ ബന്ധം സ്ഥാപിക്കുന്നതിന് സഹായകരമായെന്നാണ് മാതാപിതാക്കൾ അഭിപ്രായപ്പെട്ടത്. അധ്യാപകരെ ഇഷ്ടപ്പെട്ടു തുടങ്ങിയതോടെ അവർ പഠിപ്പിക്കുന്ന വിഷയങ്ങൾ പഠിക്കാനും കുട്ടികൾ കൂടുതൽ താൽപ്പര്യം കാണിച്ചു തുടങ്ങിയത്രെ. ചൈനയിലെ സോഷ്യൽ മീഡിയയിൽ ഈ അധ്യാപകർ വൈറലായിരിക്കുകയാണ്.