ജയ്പുർ: രാജസ്ഥാനിൽ കർണിസേന നേതാവ് സുഖ്ദേവ് സിംഗിനെ പട്ടാപ്പകൽ വീട്ടിൽ കയറി വെടിവച്ചുകൊന്ന സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടും പിടികൂടാനായില്ല. പ്രതികളെന്നു സംശയിക്കുന്ന രാജസ്ഥാൻ സ്വദേശി രോഹിത് റാത്തോഡ്, ഹരിയാന സ്വദേശിയും സൈനികനുമായ നിതിൻ ഫൌജി എന്നിവരുടെ ചിത്രങ്ങൾ പോലീസ് പുറത്തു വിട്ടിരുന്നു.
പ്രതികളെപ്പറ്റി വിവരം നൽകുന്നവർക്ക് പോലീസ് അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെയായിരുന്നു രാജസ്ഥാനെ നടുക്കിയ ക്രൂരകൊലപാതകം. ചൊവ്വാഴ്ച ജയ്പുരിലെ സുഖ് ദേവ് സിംഗിന്റെ വസതിയിലെത്തിയ മൂന്നംഗ സംഘം വെടിവച്ചു കൊല്ലുകയായിരുന്നു.
കല്യാണം ക്ഷണിക്കാനെന്ന വ്യാജേനയാണ് അക്രമികൾ വീടിനകത്തു കയറിയത്. പത്തു മിനിറ്റോളം സംസാരിച്ച ശേഷമായിരുന്നു അപ്രതീക്ഷിത നീക്കം. കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം ലോറൻസ് ബിഷ്ണോയി ഗ്യാംഗ് ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
ഞങ്ങളുടെ ശത്രുവിനെ സഹായിച്ചതിനുളള പ്രതികാരം എന്നായിരുന്നു പോസ്റ്റ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സുഖ് ദേവ് സിംഗും രോഹിത് ഗോഡ്രയും തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം.
കൊലപാതകവുമായി ബന്ധപ്പെട്ട് ശ്യാം നഗർ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെയും ബീറ്റ് കോൺസ്റ്റബിളിനെയും ജയ്പൂർ പോലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തു.
സുഖ്ദേവിന്റെ ജീവനു ഭീഷണിയുണ്ടെന്നും സുരക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് അശോക് ഗെഹ്ലോട്ടിനും പോലീസ് ഉദ്യോഗസ്ഥർക്കും നിരവധിതവണ കത്തു നൽകിയിരുന്നുവെന്നും എന്നാൽ മറുപടി നൽകിയില്ലെന്നും സുഖ്ദേവിന്റെ ഭാര്യ ഷില ഷെഖാവത്ത് ആരോപിച്ചു. സുഖ്ദേവ് സിംഗിന്റെ അനുയായികളുടെ പ്രതിഷേധം ഇന്നലെ പലയിടത്തും അക്രമാസക്തമായിരുന്നു.