തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ ഉയർന്ന വിജയശതമാനം നൽകി അക്ഷരമറിയാത്ത കുട്ടികളെയും വിജയിപ്പിക്കുന്നുവെന്ന് മുന്പ് രണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർമാർ വിദ്യാഭ്യാസവകുപ്പിന് റിപ്പോർട്ട് നൽകിയെങ്കിലും അവയ്ക്ക് സർക്കാർ പ്രധാന്യം കൊടുത്തില്ലെന്ന് ആക്ഷേപം.
പൊതുവിദ്യാഭ്യാസ ഡയറക്ടർമാരായിരുന്ന ബിജു പ്രഭാകറും എം.എസ്. ജയയുമാണ് സ്കൂൾ വിദ്യാഭ്യാസത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി സർക്കാരിന് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടിൻമേൽ യാതൊരു നടപടിയും സർക്കാർ സ്വീകരിച്ചിരുന്നില്ല.
നിലവിലെ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അധ്യാപകരുടെ യോഗത്തിൽ അക്ഷരമറിയാത്ത കുട്ടികൾക്ക് പോലും എപ്ലസ് നൽകി വിജയിപ്പിക്കുന്ന രീതിയെ വിമർശിച്ച സാഹചര്യത്തിലാണ് നേരത്തെ രണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർമാർ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്.
2013-ൽ ബിജു പ്രഭാകർ പൊതുവിദ്യാഭ്യാസ ഡയറക്ടറായിരിക്കെയാണ് സ്കൂൾ വിദ്യാഭ്യാസ രീതിയിൽ സത്യസന്ധമായ മാറ്റങ്ങൾ കൊണ്ട് വരണമെന്നുള്ള റിപ്പോർട്ട് സമർപ്പിച്ചത്. കൃത്രിമമാർഗത്തിലൂടെയുള്ള വിജയശതമാനം ഉയർത്തൽ വിദ്യാഭ്യാസ നിലവാരത്തെ മെച്ചപ്പെടുത്തില്ലെന്നും അദ്ദേഹം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
2016 ൽ എം.എസ്. ജയ പൊതുവിദ്യാഭ്യാസ ഡയറക്ടറായിരിക്കുന്ന കാലയളവിലും വിജയശതമാനത്തിലെ അപാകത ചൂണ്ടിക്കാട്ടി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.