കൊച്ചി: വിവാഹ വിരുന്നിന് ഭക്ഷ്യയോഗ്യമല്ലാത്ത വിഭവങ്ങള്‍ വിളമ്പി വിഷബാധയേറ്റ എക്സൈസ് ഉദ്യോഗസ്ഥന് 40,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.
2019 മേയ് അഞ്ചിന് കൂത്താട്ടുകുളത്ത് പരാതിക്കാരന്റെ സുഹൃത്തിന്റെ മകന്റെ വിവാഹ സത്കാരത്തില്‍ ഭക്ഷണം വിതരണം ചെയ്ത കാറ്ററിംഗ് സ്ഥാപനത്തിനെതിരേയാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്.
സുഹൃത്തിന്റെ മകന്റെ വിവാഹ സത്കാരത്തില്‍ പങ്കെടുത്ത പരാതിക്കാരനു വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആദ്യം കൂത്താട്ടുകുളത്തെ ആശുപത്രിയിലും പിന്നീട് ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും മൂന്ന് ദിവസം ചികിത്സതേടേണ്ടി വന്നു.
ഈ സാഹചര്യത്തിലാണ് കൂത്താട്ടുകുളം സ്വദേശിയായ എക്സൈസ് ഉദ്യോഗസ്ഥൻ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്.
കോട്ടയത്ത് നടത്തിയ പരിശോധനയില്‍ പരാതിക്കാരന് ഭക്ഷ്യവിഷബാധയേറ്റതായി സ്ഥിരീകരിച്ചതും, കൂത്താട്ടുകുളം നഗരസഭ ആരോഗ്യവിഭാഗം കാറ്ററിംഗ് ഏജന്‍സിയില്‍ നടത്തിയ പരിശോധനയിലും ഭക്ഷ്യവിഷബാധ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടും കോടതി പരിഗണിച്ചു.
വിവാഹത്തില്‍ പങ്കെടുത്ത മറ്റ് പത്തോളം പേര്‍ക്കും ഭക്ഷ്യവിഷബാധ ഏറ്റതായും നഗരസഭ ആരോഗ്യവിഭാഗം കണ്ടെത്തി. കാറ്ററിംഗ് ഏജന്‍സിയുടെ ഭാഗത്തുനിന്നും സേവനത്തില്‍ വീഴ്ച സംഭവിച്ചതായി ബോധ്യമായ കോടതി നഷ്ടപരിഹാരമായി 40,000 രൂപ ഒമ്പത് ശതമാനം പലിശ നിരക്കില്‍ 30 ദിവസത്തിനകം പരാതിക്കാന് നല്കാന് ഉത്തരവ് നല്കി.