കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതികളെ ഇന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ കിട്ടുമെന്ന് പ്രതീക്ഷ. പ്രൊഡക്ഷൻ വാറണ്ട് അനുസരിച്ച് മൂന്നു പ്രതികളെയും ഇന്ന് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. അപ്പോൾത്തന്നെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡി അപേക്ഷയും കോടതിയിൽ സമർപ്പിക്കും.
കസ്റ്റഡിയിൽ ലഭിച്ചാൽ ആദ്യം ചോദ്യം ചെയ്യൽ, പിന്നീട് തെളിവെടുപ്പ് എന്ന രീതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ പ്ലാൻ തയാറാക്കിയിട്ടുള്ളത്. കസ്റ്റഡിയിൽ ലഭിക്കുന്ന ദിവസങ്ങളുടെ എണ്ണത്തിന് അനുസരിച്ച് ഇതിൽ മാറ്റം വരുത്താനുള്ള സാധ്യതയുമുണ്ട്.
കൊട്ടാരക്കരയിലെ റൂറൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് തന്നെയായിരിക്കും ആദ്യ ദിവസത്തെ ചോദ്യം ചെയ്യൽ. മൂന്നുപേരെയും ഒരുമിച്ചും വെവേറെയും ചോദ്യം ചെയ്യാൻ തന്നെയാണ് തീരുമാനം. പ്രതികളെ ചോദ്യം ചെയ്യുന്നതിനായി ലഭ്യമായ പരമാവധി തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചുകഴിഞ്ഞു.
ഒന്നാം പ്രതി പദ്മകുമാറിന് അഞ്ചു കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടോ എന്ന് സ്ഥിരീകരിക്കാൻ ഇയാൾക്ക് ഇടപാടുകളുള്ള ബാങ്കുകളിൽ നിന്നും മറ്റ് സ്ഥാപനങ്ങളിൽ നിന്നും ഇന്നലെ അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. പരവൂർ, ചാത്തന്നൂർ മേഖലകളിലായിരുന്നു പരിശോധനയും വിവര ശേഖരണവും നടന്നത്. മാത്രമല്ല ഇയാൾക്ക് ഇത്രയും വലിയ സാമ്പത്തിക ബാധ്യത വരാനുള്ള കാരണത്തെ കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
വൻ തുകകളുടെ സാമ്പത്തിക ഇടപാടുകൾ അനധികൃതമായി ആരെങ്കിലുമായി നടത്തിയുണ്ടാകാം എന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. മറ്റാരുമെങ്കിലുമായി ചേർന്ന് ബിസിനസ് നടത്തി സാമ്പത്തിക പരാജയം ഉണ്ടായോ എന്നതും അന്വേഷണ പരിധിയിൽ ഉണ്ട്. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്താലേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ കഴിയുകയുള്ളൂ.
പ്രതികളുടെ മൊബൈൽ ഫോൺ കോളുകളുടെ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിച്ച് കഴിഞ്ഞു. പ്രതികൾക്ക് ഓരോരുത്തർക്കും എത്ര ഫോണുകൾ ഉണ്ട്, വേറേ സിം കാർഡുകൾ നേരേത്തേ ഉപയോഗിച്ചിരുന്നോ എന്ന കാര്യങ്ങളും പരിശോധിച്ച് വരികയാണ്.
തട്ടിക്കൊണ്ട് പോകൽ ആസൂത്രണം ചെയ്തിട്ട് ഒരു വർഷമായി എന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ഇക്കാലയളവിലെ പ്രതികളുടെ വാട്സ് ആപ്പ് ചാറ്റുകളും പരിശോധിക്കും. ഇവ ഫോണിൽ ഇല്ലങ്കിൽ അത് ലഭ്യമാക്കാർ വാട്സ് ആപ്പ് അധികൃതരെ സമീപിക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
പ്രതികൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ച് വരികയാണ്.
കുട്ടിയെ തട്ടിക്കൊണ്ട് പോയതിനുശേഷവും പിന്നീട് ആശ്രാമം മൈതാനിയിൽ ഉപേക്ഷിച്ചതിനും മധ്യേ പ്രതികൾ വാഹനങ്ങൾ മാറി മാറി ഉപയോഗിച്ചുണ്ട്. ഇതിന് ആരെങ്കിലും സഹായം നൽകിയോ എന്നതാണ് മറ്റൊരു അന്വേഷണ വിഷയം.
പദ്മകുമാറിന്റെയും കുടുംബത്തിന്റെയും മൊത്തം ആസ്തികൾ സംബന്ധിച്ചും ക്രൈംബ്രാഞ്ച് സംഘത്തിന് കണക്കെടുപ്പ് നടത്തേണ്ടതുണ്ട്. പത്ത് ലക്ഷം രൂപയ്ക്ക് അടിയന്തിര ആവശ്യം ഉണ്ടായതിനാലാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നാണ് പദ്മകുമാർ പോലീസിൽ മൊഴി നൽകിയിട്ടുള്ളത്. ഈ തുക ലഭിക്കാനായി ആരെങ്കിലും കുടുംബത്തെ ഭീഷണിപ്പെടുത്തിയോ സമ്മർദത്തിലാക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് ക്രൈംബ്രാഞ്ച് സംഘം സംശയിക്കുന്നുണ്ട്.
ഇവരുടെ വെള്ളക്കാർ കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതിന് മുമ്പ് പല സ്ഥലങ്ങളിലും ദുരൂഹ സാഹചര്യത്തിൽ പലരും കണ്ടിട്ടുണ്ട്. ഇതിന്റെ ചില ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്കും ലഭിച്ചിട്ടുണ്ട്. കൂടുതൽ കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ പ്രതികൾ പദ്ധതി ഇട്ടിരുനോ എന്ന കാര്യത്തിലും ഇവരെ ചോദ്യം ചെയ്ത ശേഷമേ വ്യക്തത വരികയുള്ളൂ.
ലോക്കൽ പോലീസ് നടത്തിയ അന്വേഷണത്തിന് എതിരേ വ്യാപക ആക്ഷേപങ്ങൾ നിലനിൽക്കുന്നതിനാൽ ജാഗ്രതയോടെയാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണവുമായി മുന്നോട്ട് പോകുന്നത്.
എസ്.ആർ. സുധീർ കുമാർ