ന്യൂയോർക്ക്: ഗാസയിൽ വെടിനിർത്തലുണ്ടാകാനായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസ് വിശേഷാധികാരം പ്രയോഗിച്ച് രക്ഷാസമിതിക്കു കത്തെഴുതി. യുഎൻ ചാർട്ടറിന്റെ 99-ാം ആർട്ടിക്കിൾ പ്രകാരം എഴുതിയ കത്തിൽ വെടിനിർത്തലിന്റെ ആവശ്യകത വിശദീകരിച്ചിരിക്കുന്നു.
അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണി ഉയർത്തുന്ന ഏതു വിഷയത്തെക്കുറിച്ചും യുഎൻ രക്ഷാസമിതിക്കു മുന്നറിയിപ്പു നല്കാൻ സെക്രട്ടറി ജനറലിന് അധികാരം നല്കുന്ന വകുപ്പാണിത്.
എട്ടാഴ്ച പിന്നിട്ട യുദ്ധം ഇസ്രയേലിലും പലസ്തീൻ പ്രദേശത്തും വലിയ മാനുഷികദുരന്തത്തിനു കാരണമായിരിക്കുന്നുവെന്നും ഇതൊഴിവാക്കാൻ ഏതുവിധേനയും സുരക്ഷാസമിതി ശ്രമിക്കണമെന്നും യുഎൻ മേധാവി ആവശ്യപ്പെട്ടു. ഡിസംബറിൽ രക്ഷാസമിതിയുടെ അധ്യക്ഷത വഹിക്കുന്ന ഇക്വഡോറിനാണു കത്ത് നല്കിയത്.
ഗുട്ടെരസ് ആദ്യമായിട്ടാണ് ആർട്ടിക്കിൾ 99 പ്രകാരമുള്ള അധികാരം പ്രയോഗിക്കുന്നത്. അദ്ദേഹത്തിന്റെ മുൻഗാമികളായ ബാൻ കി മൂൺ, കോഫി അന്നൻ എന്നിവർ ഈ വകുപ്പ് പ്രയോഗിച്ചിട്ടില്ല. 1971ൽ ബംഗ്ലാദേശ് വിമോചനയുദ്ധത്തിനിടെയാണ് അവസാനമായി വകുപ്പ് പ്രയോഗിച്ചിട്ടുള്ളതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
അതേസമയം, ഗുട്ടെരസിന്റെ നിർദേശം രക്ഷാസമിതിയിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധ്യതയില്ല. വെടിനിർത്തൽ ആവശ്യപ്പെടുന്ന മുൻ പ്രമേയങ്ങൾ രക്ഷാസമിതിയിൽ പരാജയപ്പെട്ടിരുന്നു.