അമിത ലാഭത്തിനായി വിലകൂട്ടിവില്‍ക്കുന്ന വ്യാപാരികളെ നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ ഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്കാര്‍ട്ട് സാധനത്തിന് വിലകൂട്ടിവിറ്റ് വെട്ടിലായിരിക്കുകയാണ്.
2019 ഒക്ടോബറില്‍ ബംഗളൂരുവിലാണ് സംഭവം നടക്കുന്നത്. സൗമ്യ പി എന്ന യുവതിയാണ് ഫ്ലിപ്കാർട്ടില്‍നിന്ന് 191 രൂപയ്ക്ക് പതഞ്ജലി ഷാംപു വാങ്ങിയത്. പിന്നീട് പരിശോധിച്ചപ്പോള്‍ ഷാംപുവിന് 95 രൂപയാണ് എംആര്‍പി രേഖപ്പെടുത്തിയിട്ടുള്ളതെന്ന് മനസിലായി.
തുടർന്ന് ഫ്ലിപ്കാർട്ടിന് പരാതിനല്കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഇതോടെ യുവതി കോടതിയെ സമീപിക്കുകയായിരുന്നു. യുവതിയുടെ പരാതി ശരിയാണെന്ന് തെളിഞ്ഞ കോടതി ഫ്ലിപ്കാർട്ടിന് പിഴയിടുകയായിരുന്നു.
സേവനത്തിലെ അപാകതയ്ക്ക് സൗമ്യക്ക് 10,000 രൂപ നഷ്ടപരിഹാരം നൽകാനും. അന്യായമായ വ്യാപാര സമ്പ്രദായങ്ങൾക്ക് 5,000 രൂപ അധിക പിഴയും, സൗമ്യയുടെ കോടതി ചെലവുകൾക്കായി 5,000 രൂപയും നൽകാനാണ് ഫ്ലിപ്കാർട്ടിന് കോടതി നൽകിയ നിർദേശം.
ഒരു ഉൽപ്പന്നം ഉപഭോക്താക്കൾക്ക് വിൽക്കാൻ കഴിയുന്ന ഏറ്റവും ഉയർന്ന നിയമപരമായ വിലയാണ് പരമാവധി റീട്ടെയിൽ വില (എംആർപി). അതിൽ എല്ലാ നികുതികളും ഉൾപ്പെടുന്നു. ഇത് നിർമ്മാതാവോ വിതരണക്കാരനോ ആണ് സജ്ജീകരിച്ചിരിക്കുന്നത്. ചില്ലറ വ്യാപാരികൾക്ക് എംആർപിക്ക് മുകളിൽ നിരക്ക് ഈടാക്കാൻ അനുവാദമില്ല.
എംആർപി അന്യായമായ വിലനിർണ്ണയ രീതികൾ തടയാനും സാധനങ്ങളുടെ വിൽപ്പനയിൽ സുതാര്യത ഉറപ്പാക്കാനും വേണ്ടിയുള്ളതാണ്. എംആർപിക്ക് മുകളിലുള്ള ഉൽപ്പന്നം വിൽക്കുന്നത് നിയമവിരുദ്ധമാണ്. ഇത് വിൽപ്പനക്കാരന് നിയമപരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും.