സൈക്കിളിൽ 130 കിലോമീറ്റര്‍ (80.95മൈല്‍സ്) കൈകള്‍ ഉപയോഗിക്കാതെ യാത്ര ചെയ്ത് ഗിന്നസ് ബുക്കില്‍ ഇടം നേടിയിരിക്കുകയാണ് കനേഡിയന്‍ സൈക്ലിസ്റ്റായ റോബര്‍ട്ട് മുറൈ. അഞ്ച് മണിക്കൂറും 37 മിനിറ്റു കൊണ്ടാണ് മുറൈ യാത്ര പൂര്‍ത്തിയാക്കിയത്. ആസാമാന്യമായ ശ്രദ്ധയും ബാലന്‍സും പ്രദര്‍ശിപ്പിക്കുന്നതായിരുന്നു മുറൈയുടെ സൈക്കിള്‍ യാത്ര.
ലോക റിക്കാര്‍ഡിനൊപ്പം അല്‍ഷൈമേഴ്സ് സൊസൈറ്റി ഓഫ് കാല്ഗരിക്ക് വേണ്ടിയുള്ള ധനസമാഹരണവും നേട്ടത്തിന് ഇരട്ടി മധുരമാണ് നല്‍കുന്നതെന്നും മുറൈ പറഞ്ഞു. അല്‍ഷൈമേഴ്സ് രോഗം മുലം മുറൈയ്ക്ക് തന്റെ അമ്മുമ്മയെ നഷ്ടമായിരുന്നു. ഇതാണ് താരത്തിനെ ഇത്തരത്തിലൊരു യാത്ര നടത്താനുള്ള ആശയത്തിലേക്ക് നയിച്ചത്.
ചെറുപ്രായം മുതല്‍ സൈകിളില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്ന ആളാണ് മുറൈ. സഹോദരിയോടൊപ്പം കിലോമീറ്ററുകളോളം സൈകിള്‍ സവാരി നടത്തിയ ഓര്‍മ്മകളും താരം പങ്കുവെച്ചു.
അന്ന് മുതലാണ് സൈക്കിള്‍ സവാരിയോടുള്ള അതിയായ ഇഷ്ടം താന്‍ മനസിലാക്കുന്നതെന്നും മുറൈ പറഞ്ഞു. 15-ാം വയസില്‍ താന്‍ ശേഖരിച്ച പണം ഉപയോഗിച്ചാണ് മുറൈ ആദ്യ റോഡ് ബൈക്ക് വാങ്ങുന്നത്. അതെ ബൈക്കില്‍ തന്നെയാണ് താരം റിക്കാര്‍ഡ് വിജയം സ്വന്തമാക്കിയതും.