കൊച്ചി: മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് ഹൈക്കോടതി നോട്ടീസ്. ഹര്‍ജിയില്‍ എല്ലാവരെയും കേള്‍ക്കണമെന്നും എതിര്‍കക്ഷികളെ കേള്‍ക്കാതെ തീരുമാനമെടുക്കാനാവില്ലെന്നും വ്യക്തമാക്കിയ കോടതി സ്വമേധയാ മുഖ്യമന്ത്രി അടക്കമുള്ളവരെ കക്ഷി ചേര്‍ത്തു. മുഖ്യമന്ത്രിയും മകളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ 12 പേര്‍ക്കാണ് നോട്ടീസ് അയയ്ക്കാന്‍ കോടതി ഉത്തരവിട്ടത്.
മാസപ്പടി വിവാദം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയതിനെതിരേ കളമശേരി സ്വദേശി ഗിരീഷ് ബാബു നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ. ബാബുവിന്റെ വിധി.
മുഖ്യമന്ത്രിയും മകള്‍ വീണ വിജയനും അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മറ്റു യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ സിഎംആര്‍എല്‍ കമ്പനിയില്‍നിന്ന് അനധികൃതമായി മാസപ്പടി കൈപ്പറ്റിയത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയാണ് വിജിലന്‍സ് കോടതി തള്ളിയത്.
സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിയില്ലാത്തതിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണമെന്ന ആവശ്യം നിഷേധിച്ച നടപടി തെറ്റാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. സര്‍ക്കാര്‍ അനുമതി തേടിയിട്ടുണ്ടോയെന്ന് ആരായാതെയും ഹര്‍ജിക്കാരന്റെ വാദം കേള്‍ക്കാതെയുമാണ് വിജിലന്‍സ് ഉത്തരവ്.
ഈ സാഹചര്യത്തില്‍ പരാതി വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാന്‍ വിജിലന്‍സ് കോടതിക്ക് നിര്‍ദേശം നല്‍കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം. ഹര്‍ജി കോടതിയുടെ പരിഗണയിലിരിക്കെ ഹര്‍ജിക്കാരനായ ഗിരീഷ് ബാബു മരണപെട്ടിരുന്നു. തുടര്‍ന്ന് കോടതി അമിക്വസ് ക്യൂറിയെ നിയമിച്ചു. വിജിലന്‍സ് കോടതി ഉത്തരവില്‍ അപാകതയുണ്ടെന്നായിരുന്നു അമിക്വസ് ക്യൂറി കോടതിയെ അറിയിച്ചത്.
അഴിമതി തടയല്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന വിഷയമല്ലെന്നും ആരോപണത്തില്‍ കഴമ്പില്ലെന്നുമായിരുന്നു സര്‍ക്കാര്‍ വാദം.കഴിഞ്ഞ ഓഗസ്റ്റ് ഒമ്പതിനാണ് പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് സ്വകാര്യ കമ്പനി 1.72 കോടി നല്‍കിയത് നിയമവിരുദ്ധമെന്ന് ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡ് കണ്ടെത്തിയത്.
രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി അടക്കം നേതാക്കളും സിഎംആര്‍എല്ലില്‍ നിന്നും പണം കൈപ്പറ്റിയെന്നും കണ്ടെത്തി. ഓഗസ്റ്റ് 14 ന് മുഖ്യമന്ത്രി പിണറായി വിജയന്, മകള്‍ വീണ വിജയന് , രമേശ് ചെന്നിത്തല എന്നിവരുള്‍പ്പെടെ 12 പേര്‍ക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണമാവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബു വിജിലന്‍സിന് പരാതി നല്കി.
എന്നാല്‍ ഓഗസ്റ്റ് 27 ന് ഗിരീഷ് ബാബുവിന്റെ പരാതി വിജിലന്‍സ് കോടതി തളളി. പിന്നാലെ ഹര്‍ജി തളളിയതിനെതിരേ ഹൈക്കോടതിയില്‍ ഗിരീഷ് ബാബു റിവിഷന്‍ പെറ്റിഷന്‍ സമര്‍പ്പിച്ചു.
പരാതിക്കാരന് ഗിരീഷ് ബാബു മരിച്ചതോടെ ഹര്‍ജിയുമായി മുന്നോട്ടുപോകാന്‍ കുടുംബത്തിന് താല്പര്യമില്ലെന്ന് ഗീരിഷിന്റെ അഭിഭാഷകന് ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിക്കുകയായിരുന്നു.