കണ്ണൂർ: ധർമടം മണ്ഡലത്തിൽ 2021 ൽ പിണറായി വിജയനെതിരേ മത്സരിച്ച യുഡിഎഫ് സ്ഥാനാർഥിയും കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയുമായ സി. രഘുനാഥ് കോൺഗ്രസ് വിട്ടു.
ജില്ലയിലെ മുതിർന്ന നേതാക്കളിലൊരാളായ രഘുനാഥ് ഫേസ്ബുക്ക് കുറിപ്പിലൂടെ പാർട്ടി വിടുന്ന കാര്യം ഇന്നലെ അറിയിച്ചിരുന്നു. ഇന്ന് രാവിലെ പത്രസമ്മേളനം വിളിച്ച് പാർട്ടി വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
അഞ്ചു പതിറ്റാണ്ടായി കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ച് പടിയിറങ്ങുകയാണ്. കോൺഗ്രസിന്റെ ഡിഎൻഎ എല്ലാ അർഥത്തിലും മാറിയെന്നും ഗതികെട്ടാണ് താൻ ധർമടത്ത് മത്സരിച്ചതെന്നും മത്സരിക്കുന്പോൾ തനിക്ക് യാതൊരു പിന്തുണയും പാർട്ടി നല്‍കിയില്ലെന്നും രഘുനാഥ് മാധ്യമങ്ങളോട് പറഞ്ഞു.
കെപിസിസി പ്രസിഡന്റ് കെ. സുധാകരനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു രഘുനാഥ് അടുത്തിടെ സുധാകരനുമായി അകന്നിരുന്നു. ഇതിനു പിന്നാലെ കണ്ണൂർ ഡിസിസിക്കെതിരെയും നേതാക്കൾക്കെതിരെയും വിമർശനവും ഉന്നയിച്ചിരുന്നു.
നവകേരള സദസിനെതിരേ ധർമടം മണ്ഡലത്തിൽ യുഡിഎഫ് സംഘടിപ്പിച്ച വിചാരണ സദസിൽ പങ്കെടുക്കാതെ രഘുനാഥ് വിട്ടു നിൽക്കുകയും ചെയ്തിരുന്നു.