കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുന്നു. പോലീസിന് നൽകിയ ആദ്യ മൊഴിയിൽതന്നെ പ്രതികൾ ഉറച്ച് നിൽക്കുകയാണ്.
ഒന്നാംപ്രതി കെ.ആർ. പദ്മകുമാർ കുട്ടിയെ തട്ടിക്കൊണ്ടു പോയത് പണത്തിനു വേണ്ടിയെന്നാണ് അന്വേഷണ സംഘത്തോട് ആവർത്തിച്ചു പറയുന്നത്. അഞ്ച് കോടിരൂപയുടെ സാമ്പത്തിക ബാധ്യത പദ്മകുമാറിനുണ്ടെന്ന വാദം കളവാണെന്ന് ലഭ്യമായ രേഖകൾ നിരത്തി അന്വേഷണസംഘം ഏറെക്കുറെ ഉറപ്പിച്ച് കഴിഞ്ഞുവെന്നാണ് സൂചനകൾ.
തട്ടിക്കൊണ്ട് പോകലിന്റെ മുഖ്യ ആസൂത്രക ഭാര്യ അനിതകുമാരിയാണെന്നാണ് ഇയാൾ ക്രൈംബ്രാഞ്ച് സംഘത്തോട് പറഞ്ഞതായി അറിയുന്നത്. എല്ലാം മകൾ കൂടി അറിഞ്ഞാണ് നടപ്പാക്കിയത്.
കുട്ടിയെ തട്ടിക്കൊണ്ട് പോയശേഷം കാറിൽ വച്ച് വായ് പൊത്തിപ്പിടിച്ചതും പിന്നീട് ചാത്തന്നൂരിലെ വീട്ടിൽ എത്തിച്ചപ്പോൾ ഉറക്ക ഗുളികകൾ നൽകിയതും അനുപമ ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. തട്ടിക്കൊണ്ട് പോകലിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന ചോദ്യത്തിന് ഇല്ല എന്നു തന്നെയാണ് ഇയാൾ നൽകിയ മറുപടി.
പദ്മകുമാറിന്റെ ഭാര്യ എം.ആർ. അനിതകുമാരി, മകൾ പി. അനുപമ എന്നിവരെ ചോദ്യം ചെയ്യുന്നത് ഇന്ന് രാവിലെ മുതൽ തുടങ്ങിയിട്ടുണ്ട്. ആദ്യം ഇരുവരെയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്യുന്നത്. പിന്നീട് ഒറ്റയ്ക്കും ചോദ്യം ചെയ്യും.
മൊഴികളിൽ വൈരുധ്യം ഉണ്ടായാൽ മൂന്നുപേരെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലും നടക്കും. ചോദ്യം ചെയ്യൽ പൂർത്തിയായാൽ ഇന്നുതന്നെ പ്രതികളെ വിവിധയിടങ്ങളിൽ തെളിവെടുപ്പിനായി കൊണ്ടുപോകും.
പിടിയിലായ ദിവസം അടൂർ എആർ ക്യാമ്പിൽ എഡിജിപി എം.ആർ. അജിത് കുമാറിന്റെയും ഡിഐജി ആർ. നിശാന്തിനിയുടെയും നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ പറഞ്ഞ അതേ കാര്യങ്ങൾതന്നെയാണ് അന്വേഷണ സംഘത്തോടും പ്രതികൾ ആവർത്തിക്കുന്നതെന്നാണ് വിവരം.
കഴിഞ്ഞദിവസം പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചത് മുതൽ ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി ഏറെ വൈകിയും തുടർന്നു. അന്വേഷണ ഉദ്യോഗസ്ഥൻ കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസിന്റെ ഓഫീസിലാണ് ചോദ്യം ചെയ്യൽ.
ചോദ്യം ചെയ്യലിനിടെ ഡിഐജി ആർ. നിശാന്തിനിയും ക്രൈംബ്രാഞ്ച് ഓഫീസിൽ ഇന്നലെ വൈകുന്നേരം എത്തി. ഇവർ ചില നിർദേശങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകിയശേഷമാണ് മടങ്ങിയത്. ചോദ്യം ചെയ്യൽ ഇന്ന് ഉച്ചയ്ക്ക് മുമ്പായി പൂർത്തിയായേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
അങ്ങനെയെങ്കിൽ ഉച്ചകഴിഞ്ഞ് പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോകാൻ സാധ്യതയുണ്ട്. തമിഴ്നാട്ടിൽ പ്രതികൾ താമസിച്ച ലോഡ്ജിലും ആഹാരം കഴിച്ച ഭക്ഷണശാലയിലുമാണോ അതോ കുട്ടിയെ തട്ടിക്കൊണ്ടുപോയി താമസിപ്പിച്ച പത്മകുമാറിന്റെ ചാത്തന്നൂരിലെ വീട്ടിലാണോ ആദ്യം തെളിവെടുപ്പിനായി കൊണ്ടുപോവുക എന്ന കാര്യം വ്യക്തമല്ല.
പല വിലപ്പെട്ട വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിക്കേണ്ടത് ചാത്തന്നൂരിലെ വീട്ടിൽനിന്നാണ്. അതുകൊണ്ടുതന്നെ തെളിവെടുപ്പുകൾ അവിടുന്ന് തുടങ്ങാനാണ് സാധ്യത. പ്രതികളെ എവിടെ കൊണ്ടുപോയാലും വൻ ജനക്കൂട്ടം എത്തുമെന്നത് കണക്കിലെടുത്താണ് തെളിവെടുപ്പ് സംബന്ധിച്ച കാര്യങ്ങൾ ഉദ്യോഗസ്ഥർ രഹസ്യമായി വയ്ക്കുന്നത്. ശാസ്ത്രീയ തെളിവുകൾ അടക്കം ശേഖരിച്ച് ചോദ്യംചെയ്യലും തെളിവെടുപ്പും പൂർത്തീകരിക്കുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം.
പ്രതികളെ ഇന്നലെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡി അപേക്ഷയിൽ വിശദമായ വാദമാണ് നടന്നത്. ഇതിൽ ചില നിർണായക വിവരങ്ങൾ പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.
മറ്റ് പല കുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ ഇവർ പദ്ധതിയിട്ടിരുന്നുവെന്നതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട് എന്നതാണ് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞ ഏറ്റവും സുപ്രധാന വിവരം. പ്രതികളിൽനിന്ന് പിടിച്ചെടുത്ത ബുക്കുകളിലും ഡയറികളിലും ഇതിന്റെ വിശദാംശങ്ങൾ ഉണ്ട്. ഇങ്ങനെ ലക്ഷ്യമിട്ട കുട്ടികളുടെ താമസസ്ഥലം അടക്കം ഡയറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രതികളിൽനിന്ന് ലാപ്ടോപ്പുകളും നാല് മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവയുടെ ശാസ്ത്രീയ പരിശോധനാ ഫലം കാക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. ഇതിൽനിന്ന് നിർണായകമായ പല വിവരങ്ങളും ലഭിച്ചേക്കുമെന്ന പ്രതീക്ഷയാണ് അന്വേഷണ ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്നത്.
എസ്.ആർ. സുധീർ കുമാർ