കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് നവകേരള സദസിന്റെ ഇന്നത്തെ പരിപാടികൾ മാറ്റിവച്ചു.
തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്തുനാട് എന്നീ മണ്ഡലങ്ങളിലായിരുന്നു ഇന്ന് നവകേരള സദസ് നടക്കേണ്ടിയിരുന്നത്. നാളെ ഉച്ചയ്ക്ക് രണ്ടിന് ശേഷം പെരുന്പാവൂരിൽ നിന്ന് പര്യടനം തുടരും. ഞായറാഴ്ച കോതമംഗലം, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളിൽ നവകേരള സദസ് നടക്കും.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെ വൈകിട്ടാണ് കാനം രാജേന്ദ്രൻ അന്തരിച്ചത്. നാളെ രാവിലെ 11 മണിക്ക് കോട്ടയത്തെ വാഴൂരിലെ വീട്ടിലാണ് സംസ്കാരച്ചടങ്ങുകൾ നടക്കുന്നത്.അദ്ദേഹം രോഗബാധിതനായി കുറച്ചു നാളായി ആശുപത്രിയിലായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയും പിന്നാലെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
കടുത്ത പ്രമേഹ ബാധിതനായിരുന്ന അദ്ദേഹത്തിന്റെ കാൽപാദം കഴിഞ്ഞ ദിവസം മുറിച്ചു മാറ്റിയിരുന്നു. ഹൃദയാഘാതമാണ് അപ്രതീക്ഷിത വിടവാങ്ങലിന് കാരണമായത്.
അനാരോഗ്യംമൂലം കാനം രാജേന്ദ്രന് സിപിഐ സംസ്ഥാനസെക്രട്ടറിസ്ഥാനത്ത് നിന്ന് അവധിയെടുക്കാന്‍ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നല്‍കിയിരുന്നു. 2022 ഒക്ടോബറിലാണ് കാനം സംസ്ഥാന സെക്രട്ടറിയായി മൂന്നാംതവണയും തെരഞ്ഞെടുക്കപ്പെടുന്നത്.
1950 നവംബർ 10ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലാണ് കാനം രാജേന്ദ്രന്റെ ജനനം. എഴുപതുകളിൽ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് അദ്ദേഹം രാഷ്ട്രീയരംഗത്തേക്ക് പ്രവേശിക്കുന്നത്.
21-ാം വയസിൽ 1971ൽ സിപിഐ സംസ്ഥാന കൗൺസിലിലെത്തി. 1975-ല്‍ എം.എന്‍. ഗോവിന്ദന് നായര്‍, ടി.വി. തോമസ്, സി. അച്യുതമേനോന് എന്നിവര്‍ക്കൊപ്പം പാര്‍ട്ടിയുടെ സംസ്ഥാനസെക്രട്ടേറിയറ്റിലെത്തി. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റായിട്ടുണ്ട്
1982ലും 87ലും വാഴൂരിൽ നിന്നും മത്സരിച്ച് നിയമസഭയിലെത്തി. ആദ്യം എം.കെ.ജോസഫിനെയും പിന്നീട് പി.സി.തോമസിനെയുമാണ് തോൽപിച്ചത്. 1991ൽ രാജീവ്ഗാന്ധി വധത്തിനു ശേഷമുള്ള തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.
പിന്നീടു രണ്ടു തവണ കൂടി മത്സരിച്ചെങ്കിലും വിജയിച്ചില്ല. 1996ൽ കെ.നാരായണക്കുറുപ്പിനോടും 2006ൽ അദ്ദേഹത്തിന്റെ മകൻ എൻ. ജയരാജിനോടും പരാജയപ്പെട്ടു.
2015 മുതൽ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം, ആരോഗ്യകാരണങ്ങളാൽ മൂന്നു മാസത്തെ അവധിയിലായിരുന്നു.
കാനത്തിന്റെ ഇടതു കാലിന് നേരത്തെ അപകടത്തിൽ പരുക്കേറ്റിരുന്നു. പ്രമേഹം അത് കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിഞ്ഞില്ല. തുടർന്ന് അണുബാധയെ തുടർന്ന് പാദം മുറിച്ചു മാറ്റേണ്ടി വന്നിരുന്നു.