വാഷിംഗ്ടണ്‍: ഗാസയില്‍ നടക്കുന്ന ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ വെടിനിര്‍ത്തലിനുള്ള യുഎന്‍ പ്രമേയത്തെ വീറ്റോ ചെയ്ത് അമേരിക്ക.
ഗാസയിലെ അടിയന്തര വെടിനിര്‍ത്തലിന് ഐക്യരാഷ്ട്രസഭാ തലവന്‍ അന്റോണിയോ ഗുട്ടറെസിന്റെയും അറബ് രാജ്യങ്ങളുടെയും നേതൃത്വത്തില്‍ മുറവിളി ഉയരുന്നതിനിടെയാണ് അമേരിക്കയുടെ ഈ ഇടപെടല്‍.
ആഴ്ചകളായി നീണ്ടുനില്‍ക്കുന്ന പോരാട്ടങ്ങളുടെ ഫലമായി ഗാസയില്‍ 17,487 ആളുകള്‍ കൊല്ലപ്പെട്ടതോടെ അന്റോണിയോ ഗുട്ടറെസ് യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗം വിളിക്കുകയായിരുന്നു.
വെടിനിര്‍ത്തല്‍ ആവശ്യത്തെ വീറ്റോ ചെയ്ത അമേരിക്ക പ്രമേയത്തിന്റെ സ്പോണ്‍സര്‍മാരെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.
നിരുപാധികമായ വെടിനിര്‍ത്തല്‍ യാതൊരു മാറ്റവുമുണ്ടാക്കില്ലെന്നാണ് യുഎസ്എയുടെ വാദം. സെക്യൂരിറ്റി കൗണ്‍സിലിലെ സ്ഥിരാംഗമായ അമേരിക്കയ്ക്ക് ഏതു പ്രമേയവും വീറ്റോ ചെയ്യാനുള്ള അധികാരമുണ്ട്.
മറ്റൊരു സ്ഥിരാംഗമായ ബ്രിട്ടന് ഈ വിഷയത്തിൽ വോട്ടു ചെയ്യാതെ വിട്ടു നില്ക്കുകയാണു ചെയ്തത്. അമേരിക്കയുടെ നടപടിയില്‍ വളരെയധികം വ്യസനിക്കുന്നതായി വെടിനിര്‍ത്തലിനുള്ള പ്രമേയം സ്പോൺസർ ചെയ്ത യുഎഇയുടെ പ്രതിനിധി വ്യക്തമാക്കി.