പത്തനംതിട്ട: ആരോഗ്യവകുപ്പില്‍ നിയമനങ്ങള്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെ ആറന്മുള പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ആറന്മുള കോഴിപ്പാലത്ത് താമസിക്കുന്ന നിലയ്ക്കല്‍ അട്ടത്തോട് സ്വദേശി അരവിന്ദ് വെട്ടിക്കലാണ് അറസ്റ്റിലായത്. കോട്ടയം ജനറല്‍ ആശുപത്രിയില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിലടക്കം ഇയാള്‍ റിമാന്‍ഡില്‍ കഴിയവേയാണ് ആറന്മുളയില് പുതിയ പരാതികളുണ്ടായത്.
ഇയാള്‍ക്കെതിരേ രണ്ട് കേസുകളാണ് ആറന്മുള പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇടയാറന്മുള സ്വദേശിയായ യുവതിക്ക് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നഴ്സായി ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ബാങ്ക് അക്കൗണ്ടിലൂടെ 80,000 രൂപ വാങ്ങി. കോഴിപ്പാലം സ്വദേശിയായ യുവാവിന് കോഴഞ്ചേരി ആശുപത്രിയില്‍ സെക്യൂരിറ്റി ഗാര്‍ഡ് ആയി ജോലി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 40,000 രൂപ വാങ്ങിയ പരാതിയിലുമാണ് കേസ്.
സെക്യൂരിറ്റി ജോലിക്കായി നിയമന ഉത്തരവിന്റെ ഒരു കോപ്പിയും പരാതിക്കാരന് നല്കി. ഒറിജിനല്‍ തപാല്‍ വഴി എത്തുമെന്ന് ഇയാള്‍ പറഞ്ഞു വിശ്വസിപ്പിച്ചു. 2024 ജനുവരി 17നു ജോലിക്ക് സര്‍ട്ടിഫിക്കറ്റുകളുമായി എത്താനാണ് ഉത്തരവില്‍ പറയുന്നത്. സംസ്ഥാന ആരോഗ്യവകുപ്പിന്റെ പരാതി പ്രകാരം തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തു റിമാന്‍ഡില്‍ കഴിയുന്ന അരവിന്ദിനെ ആറന്മുള പോലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും.. ബിഎസ്സി നഴ്സിംഗ് അഡ്മിഷന്റെ പേരിലും ഇയാള്‍ വ്യാപകമായി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍.
കഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അരവിന്ദ് വെട്ടിക്കല്‍ പ്രചാരണത്തിനായി വന്‍തോതില്‍ പണം ചെലവഴിച്ചിരുന്നുവെന്നു പറയുന്നു.