പണ്ടൊക്കെ ട്രെയിനിനെ തീവണ്ടി എന്നാണ് വിളിച്ചിരുന്നത്. ഇപ്പോള്‍ ഈ വിളി പരിഷ്കരിച്ചെങ്കിലും ട്രെയിനിലെ ഭക്ഷണത്തില്‍ നിന്ന് ആ തീ ഇതുവരെ വിട്ടുമാറിയിട്ടില്ല എന്നാണ് ഐആര്‍സിടിസിയില്‍ നിന്ന് ഭക്ഷണം വാങ്ങുന്നവര്‍ പറയുന്നത്.
ട്രെയിനുകളില്‍ പല കരാറുകാരാണ് ഭക്ഷണം വിളമ്പുന്നത്. ദീര്‍ഘദൂര യാത്രകളില്‍ നമ്മള് ഈ സൗകര്യം പ്രയോചനപ്പെടുത്താറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ പാട്നയില്‍ നിന്ന് ഡെല്‍ഹിയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ വെജിറ്റബിള്‍ താലി വാങ്ങിയതിന്റെ ബില്ല് കണ്ട് കണ്ണുതള്ളിയ യുവതി പരാതിയുമായി സമൂഹമാധ്യമത്തിലെത്തിയിരിക്കുകയാണ്.
150 രൂപയാണ് ഒരു വെജ് താലിക്ക് യുവതിയോട് ട്രെയിന്‍ ജീവനക്കാര്‍ ഈടാക്കിയത്. എന്നാല്‍ ബില്ല് ആവശ്യപ്പെട്ടപ്പോള്‍ 80 രൂപയുടെ താലിയും 70 രൂപയുടെ പനീര്‍ സബ്ജിയും ആകെ 150 രൂപയുടെ ഭക്ഷണം ഓര്ഡര്ചെയ്തതായാണ് ബില്ലില്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍ 150 രൂപയ്ക്ക് താന്‍ വാങ്ങിയ 150 രൂപയുടെ താലിയുടെ ബില്ലാണ് വേണ്ടതെന്ന് യുവതി ആവശ്യപ്പെട്ടു. തുടര്‍ന്ന് ട്രെയിന്‍ ജീവനക്കാരുമായി വലിയ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടെന്നും യുവതി പറയുന്നു.
അധികവില ഈടാക്കി ജീവനക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് പറഞ്ഞ് യുപതി റെയില്‍വേയെ ടാഗ്ചെയ്ത് എക്സില്‍ തന്റെ അനുഭവം പങ്കുവച്ച് പോസ്റ്റ് ഇടുകയും ചെയ്തു. തുടര്‍ന്ന് റെയില്‍വേ യുവതിയോട് യാത്രാ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നീട് കരാറുകാരന് പിഴയിട്ടിട്ടുണ്ടെന്നും അമിതവില ഈടാക്കിയ ജീവനക്കാരെ പുറത്താക്കിയിട്ടുണ്ടെന്നും റെയില്‍വേ അറിയിച്ചു.