ലാഹോർ: കാർഗിൽ യുദ്ധപദ്ധതിയെ എതിർത്തതിന്റെ പേരിലാണ് 1999ൽ സൈന്യം തന്നെ പുറത്താക്കിയതെന്ന് പാക്കിസ്ഥാനിലെ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ്. ഇന്ത്യ അടക്കമുള്ള അയൽക്കാരോട് നല്ല ബന്ധമാണ് താൻ ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
പിഎംഎൽ-എൻ പാർട്ടി പ്രവർത്തകരുടെ യോഗത്തിനിടെയാണ് ഷരീഫ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. കാർഗിൽ പദ്ധതി നടക്കരുതെന്നാണ് താൻ പറഞ്ഞത്. അതിന്റെ പേരിൽ ജനറൽ പർവേസ് മുഷാറഫ് തന്റെ സർക്കാരിനെ അട്ടിമറിക്കുകയായിരുന്നു.
തന്റെ ഭരണത്തിൽ ഇന്ത്യയുമായി ബന്ധം മെച്ചപ്പെട്ടിരുന്നുവെന്നും ഷരീഫ് പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രിമാരായ മോദി സാഹിബും വാജ്പേയ് സാഹിബും പാക്കിസ്ഥാൻ സന്ദർശിച്ചത് താൻ പ്രധാനമന്ത്രിയായിരുന്നപ്പോഴാണ്.
അഫ്ഗാനിസ്ഥാൻ, ഇറാൻ, ചൈന എന്നീ അയൽക്കാരുമായും ബന്ധം മെച്ചപ്പെടണമെന്നാണ് തന്റെ ആഗ്രഹം. സാന്പത്തികവളർച്ചയിൽ അയൽക്കാരേക്കാൾ വളരെ പിന്നിലാണ് പാക്കിസ്ഥാൻ.
ഭരണത്തിൽ മുൻപരിചയമില്ലാത്ത ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയാകരുതായിരുന്നുവെന്നും ഷരീഫ് കൂട്ടിച്ചേർത്തു.
അഴിമതിക്കേസിലെ ജയിൽശിക്ഷ ഒഴിവാക്കാനായി നാലു വർഷം ലണ്ടനിൽ പ്രവാസത്തിൽ കഴിഞ്ഞ ഷരീഫ് കഴിഞ്ഞമാസമാണ് പാക്കിസ്ഥാനിൽ മടങ്ങിയെത്തിയത്. ഫെബ്രുവരിയിലെ തെരഞ്ഞെടുപ്പിൽ അദ്ദേഹമാണ് പിഎംഎൽ-എൻ പാർട്ടിയെ നയിക്കുന്നത്.