കോട്ടയം: പാലായിൽ നവകേരള സദസിന്റെ ഫ്ലക്സ് ബോർഡ് കരി ഓയിൽ ഒഴിച്ചു നശിപ്പിച്ച സംഭവം ഒരാൾ പിടിയിൽ. പാലാ പ്രവിത്താനം സ്വദേശി ജയിംസ് പാമ്പയ്ക്കൽ ആണ് പോലീസ് കസ്റ്റഡിയിലായത്. ഇന്നലെ രാവിലെയാണ് സംഭവം. ഫ്ലക്സ് ബോർഡിൽ ഇയാൾ കരി ഓയില്‍ ഒഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
നവകേരള സദസിന് വേദിയൊരുങ്ങുന്ന മുന്‍സിപ്പല്‍ സ്റ്റേഡിയത്തിനു മുന്നിലെ റിവര്‍ വ്യൂ റോഡില്‍ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോര്‍ഡിലാണ് കരി ഓയില്‍ ഒഴിച്ചത്.
ഇതിനു മുൻപും ഇയാളെ പോലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ മാർച്ചിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയുടെ പാലാ കൊട്ടാരമറ്റം ബസ് ടെർമിനലിലെ സ്വീകരണ വേദി തകർക്കുമെന്ന് കാണിച്ച് ബോംബ് ഭീഷണി മുഴക്കി ഇയാൾ കത്തെഴുതിയതിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.