ന്യൂഡൽഹി: ഹര്‍ദീപ് സിംഗ് നിജ്ജാര്‍ ഉള്‍പ്പെടെയുള്ള ഖാലിസ്ഥാന്‍ ഭീകരര്‍ക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വടക്കേ അമേരിക്കയിലെ എംബസികള്‍ക്ക് രഹസ്യമെമ്മോറാണ്ടം അയച്ചെന്ന മാധ്യമവാർത്ത തള്ളി ഇന്ത്യ.
കത്തയച്ചുവെന്നത് പാക്കിസ്ഥാന് ഇന്റലിജന്‍സ് പ്രചരിപ്പിച്ച വ്യാജവാർത്തയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇന്ത്യയ്ക്കെതിരേയുള്ള കുപ്രചരണത്തിന്റെ ഭാഗമാണ് റിപ്പോര്‍ട്ട് എന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
കാനഡയിൽ നിജ്ജാര്‍ കൊല്ലപ്പെടുന്നതിന് രണ്ട് മാസം മുമ്പ് വിദേശകാര്യമന്ത്രാലയം മെമ്മോറാണ്ടം അയച്ചെന്നാണ് പാക്കിസ്ഥാൻ പ്രചരിപ്പിച്ച വ്യാജവാർത്ത. ഏപ്രിലില്‍ അയച്ച മെമ്മോറാണ്ടത്തിൽ നിജ്ജാറിനെതിരേയും ഖാലിസ്ഥാൻ ഭീകരർക്കെതിരേയും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.
ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സികളുടെ പട്ടികയിൽപ്പെട്ട നിരവധി ഭീകരരുടെ പേരുകൾ ഇതിലുണ്ടെന്നുമാണ് റിപ്പോർട്ട്. വാർത്ത വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് വിശദീകരണവുമായി ഇന്ത്യ രംഗത്തെത്തിയത്.
നിജ്ജാർ വധത്തിൽ ഇന്ത്യയ്ക്കു പങ്കുള്ളതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു. കാനഡയുടെ വാദങ്ങള്‍ തള്ളിയ ഇന്ത്യ തെളിവു നൽകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ തെളിവുകള്‍ ഹാജരാക്കാന്‍ കാനഡയ്ക്കു കഴിഞ്ഞിട്ടില്ല.