നീണ്ട കാലത്തെ പ്രവാസജീവിതത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തിയ കുറവിലങ്ങാട് കോഴാ വട്ടമുകളേല്‍ ബിജുമോന് തോമസിന് ജീവിക്കാന്‍ ഒരു മാര്‍ഗം വേണമായിരുന്നു. മണലാരണ്യത്തില്‍ നിന്നും സമ്പാദിച്ച പൈസയുമായി നാലരയേക്കര്‍ സ്ഥലം വാങ്ങി.
ആടുഫാം തുടങ്ങിയെങ്കിലും പ്രതീക്ഷിച്ച വിജയമുണ്ടായില്ല. ചെറുപ്പംമുതല്‍ പശുവിനെ കണ്ടും കറന്നും ശീലിച്ച ബിജു മറ്റൊന്നും ചിന്തിക്കാതെ പശുവളര്‍ത്തലില്‍ ഒരു കൈ നോക്കാന്‍ തീരുമാനിക്കുകയായിരുന്നു.
തമിഴ്നാട്ടില്‍ നിന്നും കറവയുള്ള രണ്ടു പശുക്കളെ വാങ്ങി. 14 വര്‍ഷം പിന്നിടുമ്പോള്‍ ജഴ്സി, എച്ച്എഫ് വിഭാഗത്തിപ്പെട്ട 110 പശുക്കളും 40 കിടാരികളുമായി ക്ഷീര മേഖലയില്‍ വിജയഗാഥ രചിച്ചിരിക്കുകയാണ് ഈ കര്ഷകന്. ദിവസവും 900 ലിറ്റര്‍ പാല് വില്‍ക്കുന്ന ക്ഷീരകര്ഷനാണ് ബിജു.
പുലര്‍ച്ചെ മൂന്നിന് ഉണരുന്ന ഫാം
പുലര്‍ച്ചെ മൂന്നു മണിക്കു ബിജുമോന്റെ ഒരുദിവസം ആരംഭിക്കും. വിവിധ സമയങ്ങളിലായി രാത്രി 11 വരെ ബിജുമോന് തൊഴുത്തിലുണ്ടാകും.
മൂന്നിനു ചാണകം വാരി തൊഴുത്ത് വൃത്തിയാക്കിയതിനു ശേഷം പശുക്കളെ കുളിപ്പിക്കും. നാലോടെ കറവ ആരംഭിക്കും. മെഷീന് ഉപയോഗിച്ചാണ് കറവ. ഒരേ സമയം ആറു പശുക്കളെ കറക്കാന്‍ സാധിക്കും.
തുടര്‍ന്നു രാവിലെ ഏഴോടെ പാല് സംഘത്തില്‍ എത്തിക്കും. രാവിലെയും വൈകുന്നേരവും പാല് കുര്യനാട് ക്ഷീര സംഘത്തില്‍ വാഹനത്തില്‍ എത്തിച്ചുനല്‍കുന്നതും ബിജു തന്നെയാണ്.
ഉച്ചകഴിഞ്ഞ് രണ്ടോടെ രണ്ടാമത്തെ കറവ ആരംഭിക്കും. 3.30ഓടെ കറവ പൂര്‍ത്തിയാക്കിയശേഷം നാലോടെ പാല് സംഘത്തില്‍ എത്തിച്ചുനല്‍കും.
പശുക്കള്‍ക്കുള്ള കുടിവെള്ളം ബൗളിലാണ് നല്‍കുന്നത്. തീറ്റയായി പച്ചപ്പുല്ല്, സൂപ്പര്‍ നെപ്പിയര് (പോത), കൈതക്കച്ചി, കാലിത്തീറ്റ എന്നിവയാണ് നല്‍കുന്നത്. ആധുനിക മെഷീന് ഉപയോഗിച്ചു കൈതക്കച്ചി ചെറുതായി അരിഞ്ഞാണ് പശുക്കള്‍ക്കു നല്‍കുന്നത്.
ചാണകപ്പൊടിയും വരുമാനം
പാല് മാത്രമല്ല ബിജുവിന് വരുമാനം. പശുവിന്റെ ചാണകവും ബിജുവിന് പണമാണ്. എല്ലാവര്‍ഷവും ഡിസംബര്‍മുതല്‍ ജൂണ്‍വരെ ചാണകം ഉണക്കിപ്പൊടിച്ചു ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കുകയും ചെയ്യുന്നുണ്ട്. പശുവളര്‍ത്തലില്‍ മാത്രം ഒതുങ്ങുന്നതല്ല ബിജുവിന്റെ കൃഷിജീവിതം. കോഴി വളര്‍ത്തലും മത്സ്യകൃഷിയും പച്ചക്കറിക്കൃഷിയുമുണ്ട്.
160 മുട്ടക്കോഴികളാണ് ദിവസവും ബിജുവിനു മുട്ടനല്‍കുന്നത്. കോഴിക്കൊപ്പം താറാവുകളുമുണ്ട്, കപ്പയും വാഴയും ചേനയും ചേമ്പുമെല്ലാം നൂറുമേനി വിളവു നല്കുന്നു.
ആവശ്യക്കാര്‍ മുട്ടയും മീനും നെയ്യും വട്ടമുകളേല്‍ ഫാമിലെത്തി വാങ്ങിക്കൊണ്ടു പോവുകയാണ് ചെയ്യുന്നത്. ജില്ലയില്‍ ഏറ്റവുംകൂടുതല്‍ പാല് അളക്കുന്ന ക്ഷീര കര്‍ഷകനുള്ള പുരസ്കാരം തുടര്‍ച്ചയായി മൂന്നു തവണ ബിജുമോനെ തേടി എത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ക്ഷീര വികസന വകുപ്പ്, മില്‍മ, മൃഗസംരക്ഷണ പുരസ്കാരങ്ങളും ഇദ്ദേഹത്തിനു ലഭിച്ചു. മികച്ച ഫാമിനുള്ള പുരസ്കാരം 2017-2018, 2021-2022, 2022-2023 വര്‍ഷങ്ങളില്‍ ലഭിച്ചിട്ടുണ്ട്.
ബിജുവിന്റെ ഒപ്പം ഭാര്യ ഷൈനിയും ജോലികളില്‍ സജീവമാണ്. മക്കള്‍: അലീന (നഴ്സിംഗ് വിദ്യാര്‍ഥിനി), സ്റ്റീവ് (പ്ലസ് ടു വിദ്യാര്‍ഥി).
കാറ്റേകി ഫാനുകള്‍; കുളിര്‍മയ്ക്ക് തെങ്ങോലയും
മൃഗസംരക്ഷണവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചാണ് തൊഴുത്ത് നിര്‍മിച്ചിരിക്കുന്നത്. തൊഴുത്തിലുടനീളം ഫാനുകള്‍ പിടിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ തൊഴുത്തിലെ താപനില കുറയ്ക്കുന്നതിനു മേല്‍ക്കൂരയുടെ അടിയില്‍ സീലിംഗ് പോലെ ഓല മെടഞ്ഞതു കെട്ടിയ പുതിയ രീതിയും അവലംബിച്ചിട്ടുണ്ട്.
പാലക്കാട്ടു നിന്നുമാണ് മെടഞ്ഞ ഓലകള്‍ എത്തിച്ചത്. അടുത്ത മാസത്തോട പുതിയ തൊഴുത്തുകളുടെ പണി പൂര്‍ത്തിയാക്കി കൂടുതല്‍ പശുക്കളെ ഫാമിലേക്ക് എത്തിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ ബിജുമോന് നടത്തിവരികയാണ്. 10 തൊഴിലാളികളാണ് ഫാമിലുള്ളത്.
ജെവിന്‍ കോട്ടൂര്‍