ഇസ്രായേലിന് തിരിച്ചടി നല്‍കുമെന്ന് യമനിലെ ഹൂതികള്‍. ഇസ്രായേൽ ഗാസയില്‍ ആക്രമണം ശക്തമാക്കിയതിനു പിന്നാലെയാണ് ഹൂതികൾ രംഗത്തെത്തിയത്. ചെങ്കടലിലൂടെ ഇസ്രായേലിലേക്ക് പോകുന്ന എല്ലാ ചരക്കുകപ്പലുകളും ആക്രമിക്കുമെന്ന് ഹൂതി വിമതർ മുന്നറിയിപ്പ് നൽകി. ഇസ്രായേലിന് ചെങ്കടലില്‍ കെണിയൊരുക്കിയിട്ടുണ്ട് എന്നാണ് ഹൂതികളുടെ ഭീഷണി.
ഗാസയിലെ പലസ്തീന്‍കാര്‍ക്ക് ഭക്ഷണവും മരുന്നും തടയുന്ന ഇസ്രായേല്‍ നീക്കം അവസാനിപ്പിക്കണമെന്നാണ് ഹൂതികൾ മുന്നോട്ട് വെക്കുന്ന ആവശ്യം. അതേസമയം, മറ്റു രാജ്യങ്ങള്‍ ഹൂതികളെ നിയന്ത്രിക്കാന്‍ ശ്രമം നടത്തുന്നില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പ് നല്കി.
ഇസ്രായേലിലേക്കുള്ള കപ്പല്‍ രണ്ടാഴ്ച മുമ്പ് ഹൂതികള്‍ പിടിച്ചിരുന്നു. ചെങ്കടലിലൂടെ ചരക്കുമായി പോയ കപ്പലാണ് ഹൂതികൾ പിടികൂടിയത്. വിനോദ ആവശ്യങ്ങള്‍ക്കായി ആ കപ്പല്‍ ഉപയോഗിച്ചതിന്റെ വീഡിയോ പുറത്തുവന്നു.
യമനിലെ വിമത സംഘമാണ് ഹൂതികള്‍. ഇവര്‍ക്ക് ഇറാന്റെ പിന്തുണയുണ്ട്. എങ്കിലും ഇസ്രായേലിനെ ആക്രമിക്കുക എന്നത് ഹൂതികള്‍ക്ക് വലിയ വെല്ലുവിളിയാണ്. പലസ്തീന് പിന്തുണ നല്‍കിയാണ് തങ്ങളുടെ നീക്കങ്ങളെന്ന് ഹൂതികള്‍ പറയുന്നു. എന്നാല്‍ ഇതിന് പിന്നിൽ ഇറാൻ ആണെന്ന് ഇസ്രായേല്‍ കുറ്റപ്പെടുത്തി.